ആലപ്പുഴ: കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച കൗണ്‍സിലറെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ കലാപം. ആലപ്പുഴ നഗരസഭയില്‍ ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കുകയും, പിന്നീട് അതേ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് കൗണ്‍സിലറാകുകയും ചെയ്ത ബി. മെഹബൂബിനെയാണ് പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം ഉയരുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ റിബലായി മത്സരിച്ചവരെയും, വിപ്പ് ലംഘിച്ചവരെയും പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് കെപിസിസി നിര്‍ദ്ദേശമുണ്ട്. ഇത് ലംഘിച്ചാണ് ആലപ്പുഴയില്‍ ഉന്നത നേതാവിന്റെ ഇടപെടലില്‍ മെഹബൂബിനെ തിരിച്ചെടുത്ത് നഗരസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം ആക്ഷേപമുന്നയിക്കുന്നത്. മുന്‍ നഗരസഭാ ചെയര്‍മാനും തന്റെ പക്ഷക്കാരനുമായ തോമസ് ജോസഫിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കളമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നീക്കം വേണുഗോപാല്‍ നടത്തുന്നതെന്നാണ് വിമര്‍ശനം.
പതിറ്റാണ്ടുകള്‍ മുന്‍പ് ആലപ്പുഴയിലെത്തി എംഎല്‍എയും, എംപിയും, മന്ത്രിയും, കേന്ദ്രമന്ത്രിയും ഒക്കെയായ വേണുഗോപാല്‍ ദല്‍ഹി തട്ടകമാക്കിയ ശേഷവും ആലപ്പുഴയിലെ പ്രാദേശിക തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ഇടപെടുന്നതില്‍ പ്രവര്‍ത്തകരില്‍ വ്യാപക അമര്‍ഷമാണുയരുന്നത്. മെഹബൂബിനെ തിരിച്ചെടുത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണ് ആലപ്പുഴ നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: