തിരുവനന്തപുരം: വിവാദങ്ങള്‍ക്കും അഴിമതിയാരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമിടെ കെ ഫോണ്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെഎസ്ഇബി. ഡിസംബറില്‍ എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുമെന്നാണ് കെഎസ്ഇബി സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. 52,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ് കെ ഫോണിനായി ഒരുക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
ഈ പദ്ധതി വഴി സെക്കന്‍ഡില്‍ 10 എംബി മുതല്‍ ഒരു ജിബി വരെ വേഗമുള്ള ഇന്റര്‍നെറ്റ് ശൃംഖല 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ അവകാശം. 30,000ത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍എസ് കേബിള്‍, എസ്ആര്‍ഐടി എന്നീ കമ്പനികള്‍ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. 1028 കോടി രൂപയ്ക്ക് ടെന്‍ഡര്‍ വിളിച്ച പദ്ധതി 1531 കോടിക്കാണ് നടപ്പാക്കുന്നത്.
എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും (കേബിള്‍ ഓപ്പറേറ്റര്‍, ടെലകോം ഓപ്പറേറ്റര്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍, കണ്ടന്റ് സര്‍വീസ് പ്രൊവൈഡര്‍) തുല്യമായ അവസരം നല്കുന്ന ഒപ്റ്റിക് ഫൈബര്‍ നെറ്റ്വര്‍ക്ക് സംസ്ഥാനത്ത് നിലവില്‍ വരും. ഗ്രാമങ്ങളിലും ചെറുകിട സംരംഭങ്ങള്‍ക്ക് ഇ-കോമേഴ്സ് വഴി വില്‍പ്പന നടത്താം. സര്‍ക്കാര്‍ സേവനങ്ങളായ ഇ-ഹെല്‍ത്ത്, ഇ-എഡ്യൂക്കേഷന്‍, മറ്റ് ഇ-സര്‍വീസുകള്‍ക്ക് കൂടുതല്‍ ബാന്‍ഡ്വിഡ്ത്ത് നല്കി കാര്യക്ഷമത വര്‍ധിപ്പിക്കാം. ഉയര്‍ന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെ ഫോണ്‍ പദ്ധതി സഹായിക്കും. ഇവയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍.
കെ ഫോണ്‍ പദ്ധതി നടപ്പായാല്‍ കുത്തകകളുടെ കാലിടറുമെന്നാണ് സര്‍ക്കാരിന്റെ മറ്റൊരുവാദം. വോഡഫോണ്‍-ഐഡിയക്ക് സംസ്ഥാനത്ത് 1.8 കോടി വരിക്കാരാണുള്ളത്. റിലയന്‍സ് ജിയോക്ക് ഒരു കോടിക്കടുത്തും എയര്‍ടെല്ലിന് 60 ലക്ഷവും ഉപഭോക്താക്കളുണ്ട്. കെ ഫോണ്‍ വന്നാല്‍ ഇവരെല്ലാം പിടിച്ചുനില്ക്കാന് നിരക്ക് കുറക്കേണ്ടിവരുമത്രേ. സംസ്ഥാനത്തെ ഡാറ്റാ വിപണിയില്‍ 90 ശതമാനവും റിലയന്‍സ്, വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ക്കാണ്. കേബിള്‍വഴി ഏഷ്യാനെറ്റും റെയില്‍വയറും രംഗത്തുണ്ട്. കെ ഫോണ്‍ വരുന്നതോടെ ഇവരെല്ലാം പിന്തിരിയേണ്ടിവരുമെന്നും കെഎസ്ഇബി അവകാശപ്പെടുന്നു.
എന്നാല്‍ ഏതൊക്കെ മേഖലകളില്‍ കെ ഫോണിനാവശ്യമായ ഒപ്ടിക്കല്‍ ഫൈബര്‍ എത്തിയെന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏത് തരത്തിലാണ് ഇത് വീടുകളിലേക്ക് എത്തുക, സര്‍വീസ് നിരക്ക് എത്രയാണ്, പരാതികളുണ്ടായാല്‍ പരിഹരിക്കുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളിലും ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ സംവിധാനങ്ങളുള്ള രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്എല്ലിനുപോലും 3.19 ശതമാനം ഉപഭോക്താക്കളെ മാത്രമാണ് ആകര്ഷിക്കാനായിട്ടുള്ളത്. ആ നിലയില്‍ കെ ഫോണിന് എത്രത്തോളം ഉപഭോക്താക്കളെ കണ്ടെത്താനാകുമെന്നും എത്രനാള്‍ നിലന്നുപോകുമെന്ന കാര്യവും ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: