കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയില്‍ പ്രതിസ്ഥാനത്തുള്ള ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും കോര്പ്പറേഷന് മുന്‍ചെയര്‍മാനുമായ ആര്. ചന്ദ്രശേഖരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഒത്തുകളി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനാകാതെ കോണ്‍ഗ്രസ്-സിപിഎം അണികള്‍. ആറു മാസത്തോളം ഓഫീസില്‍ പിടിച്ചുവച്ച ഫയലില്‍ സിബിഐക്ക് പ്രോസിക്യൂഷന് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ മാസമാണ് ഒപ്പിട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും അണികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ക്കാനേ സാധിക്കുന്നുള്ളൂ. കേസ് രാഷ്ട്രീയ ആയുധമായി കോണ്‍ഗ്രസിലെ എ വിഭാഗം വിനിയോഗിക്കുന്നുണ്ട്. ഇത് പാര്‍ട്ടിയിലെ ചന്ദ്രശേഖരന്‍പക്ഷക്കാരെ പ്രതിസന്ധിയിലാക്കി. കോണ്‍ഗ്രസ് നേതാക്കളായ ഐഎന്‍ടിയുസിയിലെ പലര്‍ക്കും അര്‍ഹമായ സീറ്റുകള്‍ ഇനിയും ലഭിച്ചിട്ടില്ല. മറുഭാഗത്ത് സിപിഎമ്മിലാകട്ടെ പഴയ സോളാര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് വളയലും തുടര്‍ന്നുള്ള ഒത്തുകളിയും സംബന്ധിച്ച നാണംകെട്ട ഓര്‍മകളാണ് വേട്ടയാടുന്നത്. ലൈഫ്, സ്വര്‍ണക്കടത്ത്, സ്പ്രിംഗഌ വിഷയങ്ങളില്‍ മാനക്കേടും ഇളിഭ്യതയും മൂര്‍ധന്യത്തില്‍ നില്ക്കുന്ന സാഹചര്യത്തില്‍ സിബിഐ കേസിന്റെ കാര്യത്തില്‍ ന്യായീകരണം കണ്ടെത്താന്‍ സിപിഎം അണികളും വിയര്‍ക്കുന്നു.
2005 മുതല്‍ 2015 വരെ കോര്‍പ്പറേഷനില്‍ നടന്ന 500 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പ്രോസിക്യൂഷന് സിബിഐക്ക് അനുമതി നല്‍കാത്ത മുഖ്യമന്ത്രിയുടെ നടപടി ഇരുവിഭാഗവും തമ്മിലുള്ള അന്തര്‍ധാരയ്ക്ക് തെളിവായി മാറിയിട്ടുണ്ട്. നേരത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രോസിക്യൂഷന് ശുപാര്‍ശ ചെയ്ത ഫയലിലാണ് വിപരീത തീരുമാനം മുഖ്യമന്ത്രി കുറിച്ചത്. ഇത് മേഴ്സിക്കുട്ടിയമ്മയ്ക്കും മന്ത്രി എന്ന നിലയിലും സിപിഎം നേതാവ് എന്ന നിലയിലും ക്ഷീണമായി. ഈ തീരുമാനം ശക്തമായി ചോദ്യം ചെയ്ത മന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിശിതമായ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നതായാണ് സൂചന.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഘട്ടത്തില്‍ കാഷ്യുകോര്പ്പറേഷന് ചെയര്‍മാനായിരുന്ന ആര്. ചന്ദ്രശേഖരന് നടത്തിയ ഉപവാസത്തിന് ആദ്യം പിന്തുണയുമായെത്തിയത് പിണറായി വിജയനായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഐ വിഭാഗത്തിന്റെ നേതാവായ ആര്. ചന്ദ്രശേഖരനെതിരെ ശക്തമായ നീക്കങ്ങളാണ് എ വിഭാഗം ഇപ്പോള്‍ നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പും അസംബ്ലി തെരഞ്ഞെടുപ്പും ആസന്നമായ സാഹചര്യത്തില്‍ ചന്ദ്രശേഖരനൊപ്പമുള്ളവര്‍ക്ക് സീറ്റുകള്‍ നിഷേധിക്കാനുള്ള കാരണമായി സിബിഐ കേസ് മറുവിഭാഗം ഉയര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: