കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ എം.സി. കമറുദ്ദീനെ ലീഗ് നേതൃത്വവും കൈവിട്ടു. ആസ്തി വിറ്റ് നിക്ഷേപകരുടെ പണം തിരിച്ചു നല്‍കണമെന്ന് നിലപാടെടുത്തിരുന്ന ലീഗ്, അത് നടക്കില്ലെന്ന് ഉറപ്പായതോടെയാണ് എംഎല്‍എയെ കൈവിടുന്നത്. ഇനിയെല്ലാം കമറുദ്ദീന് സ്വന്തം നിലയ്ക്ക് തന്നെ നേരിടട്ടേയെന്ന നിലപാടാണ് ലീഗിന്. കേസുമായി ബന്ധപ്പെട്ട മധ്യസ്ഥശ്രമങ്ങള്‍ ലീഗ് ഇതോടെ ഉപേക്ഷിച്ചു. കമറുദ്ദീനെ ലീഗ് നേതൃത്വവും കൈവിട്ടതോടെ പണം തിരിച്ചുകിട്ടാനുള്ള നിക്ഷേപകര്‍ ആശങ്കയിലായി.
ജ്വല്ലറി ചെയര്‍മാനായ കമറുദ്ദീനും മാനേജിങ് ഡയറക്ടര്‍ പുക്കോയ തങ്ങള്‍ക്കുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഇതുവരെ നൂറിനടുത്തായി. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനും ആസ്തി വകകളുടെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ട്രഷറര്‍ കല്ലട്ട മായിന്‍ ഹാജിയെ ലീഗ് നിയോഗിച്ചിരുന്നുവെങ്കിലും ആസ്തി സംബന്ധിച്ച രേഖകളെല്ലാം അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തിരുന്നു. അതോടെ ആ ശ്രമം പരാജയപ്പെട്ടുവെന്ന് മായിന്‍ ഹാജി നേതൃത്വത്തെ അറിയിച്ചു.
ആറ് മാസത്തിനുള്ളില്‍ നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്നായിരുന്നു എം.സി. കമറുദ്ദീന് നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ ഇത് അസാധ്യമാണെന്ന് ലീഗ് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. മാത്രമല്ല കമറുദ്ദീന്റെ സ്വത്തുക്കള്‍ പലതും വില്‍ക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്നതും ലീഗിന് ബോധ്യമായിട്ടുണ്ട്. കമറുദ്ദീന് ആറ് മാസം സമയം ചോദിച്ച സ്ഥിതിക്ക് അതുവരെ കാത്തിരിക്കാന്‍ ലീഗ് നേതൃത്വം തയാറായേക്കും.
കമറുദ്ദീന് ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ആസ്തികളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും വിറ്റെന്ന് നേരത്തെ തന്നെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന് വാഹനങ്ങളില്‍ ഒമ്പത് വാഹനങ്ങളും വിറ്റു. വാഹനങ്ങളെല്ലാം കണ്ടുകെട്ടാന്‍ അന്വേഷണസംഘം നടപടി തുടങ്ങി.
നിക്ഷേപമായി വാങ്ങിയ 10 കോടി രുപ ഉപയോഗിച്ച് എം.സി. കമറുദ്ദീനും പൂക്കോയ തങ്ങളും ബെംഗളൂരുവില്‍ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍, ഭൂമിയുടെ വിവരങ്ങള്‍ കമ്പനി രജിസ്റ്ററിലില്ല. ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടര്‍ക്ക് കൈമാറിയെന്നും കണ്ടെത്തി. ഭൂമി വാങ്ങാനും വില്‍ക്കാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പരാതിയുമായി രംഗത്ത് വന്നവരിലേറെയും മുസ്ലിംലീഗ് നേതാക്കളും അവരുടെ ബന്ധുക്കളുമുള്‍പ്പെടെയുള്ള ലീഗ് അണികളാണെന്നത് നേതൃത്വത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: