തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനത്തിന് കാത്തുനില്‍ക്കാതെ കരാര്‍ നടപടിയുമായി മുന്നോട്ടുപോയെന്ന കണ്ടെത്തല്‍ പുറത്തു വന്നതോടെ കെ ഫോണ്‍ പദ്ധതിയില്‍ അടിമുടി ദുരൂഹത. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം കെ ഫോണ്‍ പദ്ധതിയുടെ കരാര്‍ സര്‍ക്കാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കിയത് ടെന്‍ഡര്‍ വിളിച്ചതിലും 49 ശതമാനം കൂടിയ തുകയ്ക്കാണ്.
കെ ഫോണിനായി 1028 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ വിളിച്ചത്. പങ്കെടുത്തത് മൂന്ന് കണ്‍സോര്‍ഷ്യങ്ങളും. 1548, 1729, 2853 കോടി രൂപ വീതം ക്വാട്ട് ചെയ്തു. ഇതില്‍ 1548 കോടി ക്വാട്ട് ചെയ്ത ബെല്‍ കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാമെന്നു കാണിച്ച് ശിവശങ്കര്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്ഐടിഐക്ക്(കേരളാ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍) കത്തയച്ചു. പദ്ധതി ചെലവ് കണക്കാക്കിയത് 2016ലാണെന്നും കണ്‍സോര്‍ഷ്യത്തിലെ കമ്പനികള്‍ പരിചയസമ്പന്നരാണെന്നും ദീര്‍ഘകാലത്തേക്ക് സര്‍ക്കാരിന് 89 കോടി ലാഭിക്കാനാകുമെന്നായിരുന്നു ശിവശങ്കറിന്റെ ന്യായീകരണം. തുടര്‍ന്ന് ടെന്‍ഡര്‍ തുകയുടെ 49 ശതമാനം കൂട്ടിനല്‍കി.
അഞ്ചു മാസത്തിനു ശേഷം മന്ത്രിസഭയുടെ അനുമതിയോടെ കരാര്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിനു നല്കി ഉത്തരവ് ഇറക്കി. ഏഴ് വര്‍ഷത്തെ പ്രവര്‍ത്തന ചെലവ് കൂടി കണക്കാക്കിയതാണ് കരാര്‍ തുക ഉയരാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. കരാര്‍ നേടിയ കണ്‍സോര്‍ഷ്യത്തെക്കുറിച്ചും ആരോപണമുണ്ട്. കരാര്‍ നേടിയ കണ്‍സോര്‍ഷ്യത്തിന്റെ തലപ്പത്തുള്ള ബെല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. എന്നാല്‍ മറ്റുള്ളവയെല്ലാം സ്വകാര്യ കമ്പനികളാണ്. എസ്ആര്‍ഐടി പ്രവാസി വ്യവസായി പി. എന്‍.സി മേനോന്റെ കമ്പനിയാണ്. ഇടത് അനുകൂല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി ചേര്‍ന്ന് യുഎല്‍സിസി-എസ്ആര്‍ഐടി പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. ഊരാളുങ്കലുമായുള്ള ബന്ധം ദുരൂഹമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കെ ഫോണുമായി ബന്ധമില്ലെന്നാണ് ഊരാളുങ്കലിന്റെ വിശദീകരണം.
Click to Read: കെ ഫോണ്‍ കമ്മീഷനില്‍ 30 കോടി ദുബായ്യില് കൈമാറി
കണ്‍സള്‍ട്ടന്‍സി ആയിരുന്ന പിഡബ്ല്യൂസിയും ആരോപണവിധേയരാണ്. ഇ-ബസ് അഴിമതിയിലടക്കം ആരോപണ വിധേയരായ കമ്പനിയാണ്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരാണ് 2016 ജനുവരിയില്‍ പദ്ധതിക്കായി കണ്സള്ട്ടന്റിനുവേണ്ടി ടെന്‍ഡര്‍ വിളിച്ചതെന്നാണ് ഇടത് സര്‍ക്കാരിന്റെ ന്യായീകരണം. അനാലിസിസ് മാസണ്, ഡിലോയ്റ്റ്, ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനികള്‍ പങ്കെടുത്തു. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പിഡബ്ല്യൂസിയെ തെരഞ്ഞെടുത്തത് യുഡിഎഫ് കാലത്താണ് എന്നും തുടര്‍ന്ന് വന്ന സര്‍ക്കാര്‍ അത് അംഗീകരിക്കുകമാത്രമാണ് ചെയ്തതെന്നും ന്യായീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: