വിയന്ന: യൂറോപ്പിനെ ഭീതിയിലാഴ്ത്തി ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഐഎസ് ഭീകരന് നടത്തിയ വെടിവയ്പ്പില്‍ നാലു പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 7 പേരുടെ നില ഗുരുതരമാണ്. ഇരുപതു വയസുകാരനായ ഭീകരനെ പോലീസ് വെടിവച്ചുകൊന്നു.
ഫ്രാന്‍സില്‍ ഭീകരന് അധ്യാപകന്റെ തലയറുക്കുകയും നോത്രേദാമില്‍ നാലു പേരെ വധിക്കുകയും ചെയ്തതിന്റെ ഞെട്ടല്‍ അകലും മുന്‍പാണ് വിയന്നയില്‍ ഒറ്റതിരിഞ്ഞ ഭീകരന്റെ ആക്രമണം. സംഭവത്തിനു ശേഷം വിവിധ പ്രദേശങ്ങളില്‍ തെരച്ചില്‍ ശക്തമാക്കിയ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ) തോക്കുമായി എത്തിയ ഐഎസ് ഭീകരന് വിയന്നയിലെ പ്രധാന ജൂതപ്പള്ളി( സിനഗോഗ്)ക്കു സമീപം ആറിടങ്ങളിലായി ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് ആസ്ട്രിയന്‍ ആഭ്യന്തര മന്ത്രി കാള്‍ നെഹാമ്മര്‍ പറഞ്ഞു. ചൊവ്വാഴ്ച ഒരു മാസത്തെ കൊറോണ ലോക്ഡൗണ്‍ തുടങ്ങും മുന്‍പ് ആഘോഷിക്കാന്‍ റസ്റ്റോറന്റുകളിലും ബാറുകളിലും എത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം. രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരര്‍ ഉണ്ടായിരുന്നോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പരിക്കേറ്റവരില്‍ പോലീസ് ഉദ്യോഗസ്ഥനുമുണ്ട്, നെഹാമ്മര്‍ പറഞ്ഞു.
വിയന്ന ആക്രമണത്തെത്തുടര്‍ന്ന് ജനത്തിരക്കുള്ള സ്ഥലങ്ങളിലും സുപ്രധാന കേന്ദ്രങ്ങളിലും ആസ്ട്രിയന്‍ സര്‍ക്കാര്‍ നൂറു കണക്കിന് പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. അന്വേഷണം ശക്തമാക്കിയിട്ടുമുണ്ട്.
അല്‍ബേനിയന്‍ വംശജനായ, വിയന്നയില്‍ ജനിച്ചു വളര്‍ന്ന ഐഎസ് അനുഭാവിയാണ് ഭീകരനെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. സിറിയയില്‍ പോയി ഐഎസില്‍ ചേരാന്‍ ശ്രമം നടത്തിയ 20 പേരില്‍ ഒരുവനാണ്.
യന്ത്രത്തോക്കുകൊണ്ട് ഇയാള്‍ വെടിയുതിര്‍ക്കുന്നത് കണ്ടവരുണ്ട്. കുറഞ്ഞത് നൂറു റൗണ്ടെങ്കിലും അയാള്‍ വെടിവച്ചിട്ടുണ്ട്., ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ രണ്ടായിരത്തോളം വീഡിയോ കളാണ് നാട്ടുകാര്‍ പോലീസിന് കൈമാറിയിട്ടുള്ളത്. ജനങ്ങള്‍ ഫോണുകളില്‍ എടുത്തവയാണിത്. സംഭവത്തെ ഇന്ത്യയും ഫ്രാന്‍സും യുഎസും ജര്‍മ്മനിയും അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.
ആസ്ട്രിയയ്ക്ക് ഉറച്ച പിന്തുണയുമായി ഇന്ത്യ; ഒപ്പമുണ്ട്: മോദി
ന്യൂദല്‍ഹി: വിയന്നയില്‍ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ ആപല്‍ഘട്ടത്തില്‍ ഇന്ത്യ ആസ്ട്രിയയ്ക്ക് ഒപ്പമുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഭീകരാക്രമണത്തില്‍ അതീവ ദുഃഖിതനാണ്. ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് എന്റെ മനസും, മോദി സന്ദേശത്തില്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: