പാലക്കാട്: മോഷണകുറ്റമാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ അധിക്ഷേപിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്. മനോരമ ന്യൂസില്‍ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് മധുവിനെതിരെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ അദേഹം നടത്തിയത്.
അട്ടപ്പാടിയിലെ മധു ഒരു ഭ്രാന്തനായിരുന്നു. ഭക്ഷണത്തിന് വേണ്ടിയല്ല അരിമോഷ്ടിച്ചത്. മധുവിന്റെ വീട് ആദിവാസികളുടെ ഇടയിലെ ഇടത്തരം വീടായിരുന്നു. അവന് വീട്ടില്‍ നിന്ന് നില്‍ക്കില്ലായിരുന്നു. കാടാറുമാസം വീടാറുമാസം എന്നു പറഞ്ഞ് നടക്കുന്നവനാണവന്‍. മധുവിന്റെ വീട്ടില്‍ ടെലിഫോണും ടിവി അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട്. ദാരിദ്രം കൊണ്ട് പട്ടിണികിടന്ന് തെണ്ടാന്‍ പോയതല്ല അവന്. അവന് തലയ്ക്ക് സുഖമില്ലാതെ വെളിയില്‍ ഇറങ്ങി അരിമോഷ്ടിച്ചതാണെന്നും ആനത്തലവട്ടം ആനന്ദന് ചര്‍ച്ചയില്‍ പറഞ്ഞു.
സിപിഎമ്മിന് ആദിവാസികളോടുള്ള സമീപനമാണ് ചാനല്‍ ചര്‍ച്ചയില്‍ ആനത്തലവട്ടം പറഞ്ഞതെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മധുവിന്‍െ ആള്‍ക്കൂട്ട കൊലപാതകത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പുനരന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സമഗ്രമായ നിയമനിര്‍മാണത്തിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് അട്ടപ്പാടി ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടത്. എന്നാല്‍, ഇതൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
മധുവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ 16 പേരെ അറസ്റ്റുചെയ്ത് കുറ്റപത്രവും നല്‍കിയിരുന്നു. പക്ഷേ ഈ അന്വേഷണം പോരെന്നാണ് മധുവിന്റെ കുടുംബം പറഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ക്കൂടിയാണ് മധുവിനെ പിടികൂടാന്‍ ആള്‍ക്കൂട്ടം കിലോമീറ്ററുകള്‍ വനത്തിനുളളിലേക്ക് പോയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇവര്‍ എങ്ങനെ പോയെന്നത് കുടുംബത്തിന്റെ ചോദ്യത്തിന് ഇതുവരെ ഉത്തരം നല്കാന് സര്‍ക്കാരിനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: