കൊല്ലം: കോവിഡ് കാലത്തെ സാമ്പത്തികനഷ്ടം കണക്കിലെടുത്ത് ബീച്ചിലെ മഹാത്മാഗാന്ധി പാര്‍ക്കിന്റെ കരാറുകാരന് വാടക ഒഴിവാക്കി നല്കാന് കോര്പ്പറേഷന് തീരുമാനം. 18.12 ലക്ഷം രൂപയാണ് ഇളവ് അനുവദിക്കുക. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള നാലുമാസത്തെ വാടകത്തുകയാണിത്. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണും സന്ദര്‍ശകരുടെ അഭാവവും കാരണമാണ്് പാര്‍ക്കില്‍ വരുമാനമില്ലാതായത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലും കരാറുകാരന്പോയി അനുകൂല വിധി നേടിയിരുന്നു. ഇതിന്റെ ഫലമായി പുതിയ കരാറുകാരനെ നിയോഗിക്കാനാണ് കോര്പ്പറേഷന് തീരുമാനിച്ചിട്ടുള്ളത്.
അതേസമയം നിലവിലെ കരാറുകാരന്റെ കാലാവധി ജൂലൈയില്‍ അവസാനിച്ചതായാണ് കോര്‍പ്പറേഷന്റെ നിലപാട്. 1998ലെ കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം പ്രകൃതിക്ഷോഭമോ പകര്‍ച്ചവ്യാധിയോ മൂലം സ്ഥാപനങ്ങള്‍ അടച്ചിടേണ്ടിവരികയാണെങ്കില് പാട്ടക്കാര്‍ക്കും ലൈസന്‍സികള്‍ക്കും കരാറുകാര്‍ക്കും കിസ്തിളവ് നല്‍കാമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ ഇളവ് നല്കപ്പെടുന്നത്.
അതേസമയം പതിനായിരം രൂപയില്‍ മുകളില്‍ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഇക്കാര്യങ്ങള്‍ ഇന്നുനടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.
അജണ്ടയില്‍ 54-ാമതായി ആഡിറ്റ് റിപ്പോര്‍ട്ടും ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍ അപേക്ഷ ലഭിച്ച് 40 ദിവസത്തിനകവും കര്‍ഷകത്തൊഴിലാളി പെന്ഷന് 45 ദിവസത്തിനകവും അനുവദിക്കണമെന്ന നിര്‍ദേശം കോര്‍പ്പറേഷനില്‍ പാലിക്കപ്പെടുന്നില്ലെന്നാണ് പറയുന്നത്. സംസ്ഥാന ആഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഈ റിപ്പോര്ട്ടിന്മേലും ചര്‍ച്ചയുണ്ടാകും. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ അര കോടി രൂപയുടെ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നതും അജണ്ടയിലുണ്ട്.
കോവിഡ് കാരണമുണ്ടായ സാമ്പത്തികത്തകര്‍ച്ചയില്‍നിന്നും രക്ഷപ്പെടാന്‍ ജനങ്ങളെ സഹായിക്കുന്ന പദ്ധതി പ്രകാരമാണിത്. ഇതനുസരിച്ച് കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, പടുതാകുളം, അസോള ടാങ്ക് നിര്‍മാണം എന്നിവയ്ക്കായാണ് പണം അപേക്ഷകര്‍ക്ക് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: