കൊട്ടാരക്കര: ഹൃദയസ്തംഭനം മൂലം മരിച്ച യുവാവിന്റെ കോവിഡ് പരിശോധനാഫലങ്ങളാണ് ഏറ്റവും ഒടുവില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുറന്നുകാണിക്കുന്നത്. ആദ്യം കോവഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തതിനുശേഷം വൈറോളജി പരിശോധനയില്‍ ഫലം നെഗറ്റീവ്.
ആരോഗ്യവകുപ്പിന്റെ കടുത്ത അനാസ്ഥ വെളിവാക്കുന്ന സംഭവത്തിനെതിരെ പരാതി നല്കാന് ഒരുങ്ങുകയാണ് ബന്ധുക്കള്‍. കഴിഞ്ഞ ഒക്ടോബര്‍ 26ന് ആണ് പൂവറ്റൂര്‍ പെരുംകുളം പൊങ്ങന്‍പാറ വാര്‍ഡില്‍ ഉത്രം ഹൗസില്‍ രജുകുമാര്‍ ഹൃദയസ്തംഭനം മൂലം മരിച്ചത്. തുടര്‍ന്ന് കൊല്ലത്ത് ലാബോറട്ടറില് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവെന്ന് ഫലം ലഭിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അതേ സ്രവം കൂടുതല്‍ പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ആ പരിശോധനാ ഫലം നെഗറ്റീവെന്നാണ് ഇപ്പോള്‍ ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം.
ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തുന്ന പരിശോധനകളില്‍ ഏതാണ് യഥാര്‍ഥ പരിശോധനാഫലം എന്ന് അറിയാതെ സംശയത്തിലായിരിക്കുകയാണ് രജുകുമാറിന്റെ ബന്ധുക്കള്‍. ആദ്യ സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ മൃതശരീരം സംസ്കരിക്കാനോ യഥാവിധി അന്ത്യകര്‍മങ്ങള്‍ നടത്താനോ ഉറ്റ ബന്ധുക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. കൂടാതെ പരിസരവാസികളായ ഇരുപതോളം കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ പോലും കഴിയാതെ നിരീക്ഷണത്തില്‍ പോകേണ്ടിവന്നു.
ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥത ഏറ്റവും വലിയ രീതിയില്‍ വെളിവാകുന്ന സംഭവങ്ങളാണിതെന്ന് നാട്ടുകാര്‍ പറയുന്നു. ആരോഗ്യവകുപ്പിന്റെ അനാസ്ഥ കാരണം രജുകുമാറിന് യഥാവിധം മരണാനന്തര കര്‍മങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്തതിന്റെ മനോവ്യഥയിലാണ് ബന്ധുക്കള്‍. ഇത്തരത്തില്‍ പരിശോധനാഫലം പോസിറ്റീവ് ആയശേഷം അതേ സ്രവം പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവായ സംഭവം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: