അബുദാബി: ഫ്രാന്‍സില്‍ മതതീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ക്കെതിരെ യുഎഇ. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി അബുദാബി കിരീടാവകാശിയും യു.എ.ഇ സൈന്യത്തിന്റെ സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നയ്ഹാന്‍ ഫേണിലൂടെ സംസാരിച്ച് ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിക്കുകയും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഹമ്മദ് സയിദ് ആശംസിച്ചു.
ഇത്തരം മതതീവ്രവാദികളുടെ ആക്രമണങ്ങള്‍ സമാധാനവും സഹിഷ്ണുതയും സ്നേഹവും മനുഷ്യ ജീവിതത്തിന്റെ പരിശുദ്ധിയും പഠിപ്പിക്കുന്ന എല്ലാ വിശുദ്ധ മതങ്ങളുടെയും തത്വങ്ങള്‍ക്ക് എതിരാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരങ്ങളെയും മോശമായി ബാധിക്കുന്ന വിദ്വേഷ പ്രസംഗങ്ങളെ പൂര്‍ണമായും യുഎഇ നിരാകരിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഫ്രാന്‍സില്‍ നടന്ന പ്രവൃത്തികള്‍ തീവ്രവാദത്തെ വളര്‍ത്തുന്നതാണെന്നും ക്രിമിനല്‍ പ്രവൃത്തികള്‍, ആക്രമണം, തീവ്രവാദം എന്നിവയെ ന്യായീകരിക്കുന്ന കാര്യങ്ങള്‍ നിരാകരിക്കണമെന്നും അദേഹം വ്യക്തമാക്കി. ഫ്രാന്‍സിനെതിരെ രംഗത്തുവന്ന പാക്കിസ്ഥാനെയും തുര്‍ക്കിയെയും തള്ളിയാണ് യുഎഇ നിലപാട് വ്യക്തമാക്കിയത്.
പ്രവാചകന് മുഹമ്മദ് മുസ്ലിങ്ങള്‍ക്കിടയില്‍ പവിത്രതയെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍, പ്രവാചകന്റെ പേരില്‍ മതതീവ്രവാദികള്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടും യുഎഇ വ്യക്തമാക്കി. വിഷയം രാഷ്ട്രീയ വല്ക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദേഹം പറഞ്ഞു. ഭരണഘടനാ അവകാശങ്ങളോടെ ഫ്രാന്‍സില്‍ മുസ്ലിം മതസ്ഥര്‍ക്ക് ജീവിക്കാനതിന് ഇപ്പോഴും കുഴപ്പമില്ലെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: