ശ്രീ ലളിതാ ദേവിയുടെ ഇച്ഛാനുസരണം ലോകമംഗളത്തിന്നായി വശിന്യാദിദേവതകള് രചിച്ചതാണ് ലളിതാ സഹസ്രനാമം. ശ്രീ ഹയഗ്രീവന് അഗസ്ത്യ മഹര്‍ഷിക്ക് ഉപദേശിക്കുന്ന രീതിയില്‍ ഇത് പ്രകാശിതമായി. ഇതിലെ ആയിരം നാമങ്ങളും മന്ത്ര ഭാഗങ്ങളാണ്. ആദ്യത്തില്‍ പ്രണവവും അന്ത്യത്തില്‍ നമഃ എന്ന പദവും ചേരുമ്പോള്‍ അതൊരു മന്ത്രമായി. സഹസ്രനാമം ആദ്യന്തം ‘സ്വാദു സ്വാദുപദേ പദേ’ എന്നരീതിയില്‍ സാധകന് ഭക്തിമുക്തി പ്രദായകമാണ്. ദേവിഭക്തര് ഇത് നിത്യം പാരായണം ചെയ്യാറുണ്ട്. ഇതിലെ 475 ാമത്തെ നാമമായ വിശുദ്ധിചക്രനിലയ’തുടങ്ങി 534 ാമത്തെ നാമമായ ‘യാകിന്യംബാസ്വരൂപീണീ’ എന്ന് വരെയുള്ള 60 നാമങ്ങളുടെ സവിശേഷതയാണ് പ്രതിപാദ്യ വിഷയം.
ശ്രീകൃഷ്ണഭഗവാന് ഭഗവദ്ഗീതയില്‍ 13ാം അധ്യായത്തില്‍ പറയുന്ന ‘ഇദം ശരീരംകൗന്തേയ ക്ഷേത്രമിത്യഭിതീയതേ ‘ഇവിടെ അന്വര്‍ത്ഥമാണ്. ഈ ശരീരം തന്നെ ഒരു ക്ഷേത്രമാണ്. യാതൊരുവന് ഇതിനെഅറിയുന്നുവോ അയാള്‍ ക്ഷേത്രഞ്ജന്‍. ശരീരമാകുന്ന ഈ ക്ഷേത്രത്തിലെ മൂലാധാരം മുതല്‍ സഹസ്രാരപദ്മം വരെയുള്ള ആധാരചക്രങ്ങള്‍ സുപരിചിതമാണല്ലോ. ഈ സപ്തപദ്മചക്രസ്ഥിതരായിട്ടുള്ള ഏഴു അധിഷ്ഠാന ദേവതകളുടെ സവിശേഷതകളാണ് ഈ നാമങ്ങളില്‍ വര്‍ണിക്കുന്നത്. ഡാകിനീദേവി, രാകിനീദേവി, ലാകിനീദേവി, കാകിനീദേവി, സാകിനീദേവി, ഹാകിനീദേവി, യാകിനീദേവി എന്നിവരാണ് ചക്രാരൂഢകളായ ഏഴു ദേവതകള്‍. യോഗശാസ്ത്രപ്രകാരം ഈ ചക്രങ്ങള്‍ സൂക്ഷ്മപദ്മാകൃതിയില് നിര്‍മ്മിക്കപ്പെട്ടവയാണ്. ഈ ചക്രങ്ങളിലെ ആകെ പദ്മദളസംഖ്യ നമ്മുടെ അക്ഷരമാലയിലെ അക്ഷരസംഖ്യക്ക് തുല്യമായ അമ്പത്തിയൊന്നാണ്. എല്ലാ മന്ത്രങ്ങളും ഈ അമ്പത്തൊന്നക്ഷരാളിയാല് നിര്‍മിതമാണ്. അക്ഷരോച്ചാരണത്തിലൂടെ ഉല്പാദിതമാകുന്ന സ്പന്ദനോര്ജകണങ്ങള് കൊണ്ടാണ് ഈ സൂക്ഷ്മചക്ര നിര്‍മാണം. രക്തമജ്ജമാംസാദികള് കൊണ്ടല്ല. സ്ഥൂലമായ ശരീരത്തില്‍ സൂക്ഷ്മമായി സ്ഥിതിചെയ്യുന്ന ചക്രാരൂഢരായ ഏഴു ദേവിമാര്‍ക്കും ഏഴുവ്യത്യസ്ത വര്‍ണങ്ങളും, ഏഴുതരത്തിലുള്ള ധാതുക്കളും, ഏഴു വിധം നൈവേദ്യങ്ങളും, ചക്രദള സംഖ്യയ്ക്കനുസരിച്ചുള്ള പരിവാര ദേവതകളും, വ്യത്യസ്ത ആയുധങ്ങളും ഉണ്ട്. വിശുദ്ധിചക്രം മുതല്‍ മൂലധാരം വരെ താഴോട്ടുള്ള അഞ്ചു ചക്രങ്ങള്‍ വര്‍ണിച്ചശേഷം ആഞ്ജാസഹസ്രാര ചക്രങ്ങളെ സ്തോത്രത്തില്‍ വര്‍ണിക്കുന്നതായി കാണാം.
വിശുദ്ധിചക്രസ്ഥിതയായ ശ്രീ ഡാകിനീശ്വരി പതിനാറു ദളങ്ങളുള്ള പത്മത്തില്‍ അമൃതാദി പതിനാറു പരിവാരദേവതമാരോട് കൂടി വസിക്കുന്നു. ത്വഗിന്ദ്രിയത്തില് സ്ഥിതിചെയ്യുന്ന ഇളം ചുവപ്പ് നിറമുള്ള ഏകമുഖിയായ ദേവി പായസാന്നനൈവേദ്യ പ്രിയയാണ്.അനാഹതചക്രസ്ഥിതയായ ശ്രീ രാകിനീശ്വരി പന്ത്രണ്ടു ദളമുള്ള പത്മത്തില്‍ കാളരാത്രിയാദി പന്ത്രണ്ടു ശക്തിദേവതമാ
ടോത്തു ഉപവിഷ്ടയായിരിക്കുന്നു. ശ്യാമവര്‍ണയായ രക്തധാതു സ്ഥിതയായ ദ്വിമുഖിയായ ദേവിക്ക് നെയ്പ്പായസമാണ് പ്രിയം. മണിപൂരചക്രസ്ഥിതയായ ശ്രീ ലാകിനീശ്വരി പത്തു ദലങ്ങളുള്ള പത്മത്തില്‍ ഡാമരീ തുടങ്ങി പത്തു പരിവാര ദേവതമാരോടൊത്തു വാഴുന്നു. രക്തവര്ണാങ്കിതയായ മാംസധാതുസ്ഥിതയായ ത്രിമുഖീ ദേവിക്ക് ശര്‍ക്കര കൂടുതല്‍ ഉള്ള പായസമാണ് ഇഷ്ടം. സ്വാധിഷ്ഠാനചക്രസ്ഥിതയായ കാകിനീശ്വരി ഷഡ്ദളപത്മത്തില്‍ ബന്ദിനീ, ലമ്പോഷ്ടി തുടങ്ങിയ ഷഡ്ശക്തിദേവതമാരോടൊത്തു വസിക്കുന്നു. പീതവര്‍ണ സ്വരൂപിണിയും മേദസ്സ്ധാതു സ്ഥിതയുമായ ദേവിക്ക് ദധ്യന്നവും, ത്രിമധുരവുമാണ് ഇഷ്ട നൈവേദ്യം. മൂലാധാരചക്രസ്ഥിതയായ ശ്രീ സാകിനീശ്വരി ചതുര്ദളപത്മത്തില് വരദാ, സരസ്വതീ തുടങ്ങിയ നാലു ദേവിമാരോടൊത്തു വാഴുന്നു. സ്വര്ണവര്ണസ്വരൂപിണിയായ അസ്ഥിധാതുവാസിയായ പഞ്ചമുഖീദേവിക്കു പയറുകൊണ്ടുള്ള നൈവേദ്യമാണ് പ്രിയം. ആഞ്ജാചക്രവാസിയായ ശ്രീ ഹാകിനീശ്വരി രണ്ട് ഇതളുള്ള പത്മത്തില്‍ ഹംസവതീ പത്മാവതീമാരോടൊത്തു വാഴുന്നു. ശുക്ലവര്ണസ്വരൂപീണിയായി മജ്ജ ധാതു വാസിയായ ഈശ്വരിക്ക് മഞ്ഞള്‍ കലര്‍ന്ന നൈവേദ്യ(ഹരിദ്രാന്നം) മാണ് പ്രിയം. സഹസ്രദളപത്മ വാസിയായ ശ്രീ യാകിനീശ്വരി സര്വവര്ണശോഭിതയായി ശുക്ലധാതു സ്ഥിതയായി സര്വായുധധാരിയായി സര്വതോമുഖിയായി ‘പരശിവരസികാം യാകിനീം ഭാവയാമ’ എന്ന ഭാവത്തില്‍ വാഴുന്നു. ഈ ലളിതാസഹസ്രനാമം നിത്യം ഭക്തിപുരസ്സരം പാരായണം ചെയ്യുന്ന സര്വസാധകര്ക്കും മൂലധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തി ഉണര്‍ന്ന് ഷഡാധാരങ്ങളെഭേദിച്ചു സഹസ്രാരപത്മ വാസിയായ ശിവനുമായി ലയിച്ചു സര്വാനുഗ്രഹമോക്ഷദായിനിയായി വര്‍ത്തിക്കുവാന്‍ ശ്രീ ശിവശക്തൈക്യരൂപിണി അനുഗ്രഹിക്കട്ടെ.
പി. കെ. മുരളീധരന് രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: