തിരുവനന്തപുരം: നിയമപ്രകാരം പാലിക്കേണ്ട എല്ലാ പ്രോട്ടോകോളുകളും കാറ്റില്‍ പറത്തി മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രോട്ടോകോള്‍ വിഭാഗം മുതല്‍ മുഖ്യമന്ത്രി വരെ പ്രോട്ടോകോളുകള്‍ ലംഘിച്ചു.
2016ല്‍ തിരുവന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കുമ്പോള്മുതല് സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോകോളുകള്‍ ലംഘിച്ചു. യുഎഇ കോണ്‍സുലേറ്റിന്
സ്ഥലം സൗജന്യമായിനല്‍കാനും അധികം സൗകര്യങ്ങള്‍ സജ്ജീകരിക്കാനും സംസ്ഥാനം മുന്നോട്ടുവന്നു. എന്നാല്‍ യുഎഇയില്‍ ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്കിയാല് മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് ആ നീക്കം പാളിയത്. പിന്നീടിങ്ങോട്ട് പ്രോട്ടോകോളുകള്‍ കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്.
പുതിയ കോണ്‍സുലേറ്റ് ജനറല്‍ അധികാരം ഏല്ക്കുമ്പോഴും യുഎഇ ദേശീയ ദിനത്തിലും മാത്രമാണ് കോണ്‍സുലേറ്റിലേക്ക് പോകാനോ അവരുമായി യോഗങ്ങള്‍ ചേരുവാനോ പാടുള്ളൂ. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏട്ടിലധികം തവണ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍സുലേറ്റിന്റെ കാര്യങ്ങള്‍ക്ക് ശിവശങ്കറിനെ ചുമതലപ്പെടുത്തി. ഇത്തരം മീറ്റിംഗുകളുടെ മിനിട്സ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്ന നിര്‍ദ്ദേശവും പാലിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തു. ഇത് വഴിയും സ്വര്‍ണം കടത്തിയോ എന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കോണ്‍സുലേറ്റിലേക്കുള്ള ബാഗേജുകള്‍ക്ക് പ്രോട്ടോകോള്‍ ഓഫീസില്‍ പോലും രേഖകളില്ലാതെ വിട്ടുനല്‍കി. ഇതിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടലുണ്ടായി എന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിദേശ ധനസഹായ നിയന്ത്രണ നിയമം അപ്പാടെ തള്ളിക്കളഞ്ഞാണ് ദുബായ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. അതാണ് വടക്കാഞ്ചേരി അഴിമതിക്ക് കാരണമായതും. ഇതൊന്നും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളികളഞ്ഞിട്ടുണ്ട്.
പ്രളായനന്തര ദുരിതത്തിന്റെ മറവില്‍ ദുബായില്‍ നിന്നും പിരിച്ച കോടികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ എത്തി. ഇതിനൊക്കെ പുറമെയാണ് 1.90 കോടി ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീല്‍ നടത്തിയ റംസാന് കിറ്റിന്
പണം വാങ്ങല്‍, കിറ്റ് വിതരണം ചെയ്യല്‍, ഖുറാന്റെ മറവില്‍ വിവാദ പാക്കേജുകള്‍ കടത്താന്‍ സിആപ്ടിനെ ഉപയോഗിക്കല്‍, തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചതിന് ഒരാളെ നാടുകടത്താന്‍ കോണ്‍സുലേറ്റിന്റെ സഹായംതേടിയത്, തന്റെ സുഹൃത്തിന്
കോണ്‍സുലേറ്റില്‍ ദ്വിഭാഷിയുടെ ഒഴിവിലേക്ക് പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചത് തുടങ്ങിയ പ്രോട്ടോകോള്‍ ലംഘനങ്ങള്‍ വേറെയും. മന്ത്രി കടകംപള്ളി സുരേന്ദ്രന് കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതും പ്രോട്ടോകോളുകളുടെ ലംഘനമാണ്.
ഇങ്ങനെ മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാരും കേന്ദ്ര പ്രോട്ടോകോള്‍ നിയമങ്ങള്‍ അട്ടിമറിച്ച് യുഎഇ കോണ്‍സുലേറ്റുമായി അനധികൃത ബന്ധം സ്ഥാപിച്ചുവെന്നാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികളില്‍ നിന്നും വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: