തിരുവനന്തപുരം: ജനപ്രീതി നേടിയ റാംജി റാവു സ്പീക്കിങ് സിനിമയില്‍ ഇന്നസെന്റിന്റെ ഏറെ ചിരിപ്പിച്ച ഒരു ഡയലോഗുണ്ട്. ‘ഒരു കറുത്ത തോക്ക് കളഞ്ഞ് കിട്ടിയിട്ടുണ്ട്, ആരെങ്കിലുമുണ്ടോ’ ഇതുപോലെ സെക്രട്ടേറിയറ്റില്‍ ഒരു മൊബൈല്‍ ഫോണ്‍ ആര്‍ക്കു നല്‍കണമെന്ന് അറിയാതെ വട്ടംകറങ്ങുകയാണ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍. കൈയില്‍ വച്ചിരുന്നാല്‍ എന്‍ഐഎയോ ഇഡിയോ വരുമെന്നു ഭയം.
പ്രോട്ടോകോള്‍ ഓഫീസര്‍ എം.പി. രാജീവന് ലോട്ടറിയടിച്ച ഐ ഫോണാണ് ജീവനക്കാര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക ആഘോഷത്തില്‍ രാജീവന് പങ്കെടുത്തിരുന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലൂടെ രാജീവന് ഐ ഫോണ്‍ ലഭിച്ചു. എന്നാല്‍ ഇത്തരം സമ്മാനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്ന് ജീവനക്കാരുടെ സര്‍വീസ് നിയമത്തില്‍ പറയുന്നു. അതിനാല്‍ നറുക്കെടുപ്പ് സമ്മാനം പാടില്ലെന്ന് ചീഫ് സെക്രട്ടറി സര്‍ക്കുലറും നല്കി. ഫോണ്‍ പൊതുഭരണ വകുപ്പിനു കീഴിലെ ഹൗസ് കീപ്പിങ് വിഭാഗത്തിന് രാജീവന് കൈമാറി.
ഇതിനിടയില്‍ ലൈഫ് ഫഌറ്റ് വിവാദത്തിലെ ഐ ഫോണ്‍ വിവാദവും പുറത്തുവന്നു. ഇതോടെ ഫോണ്‍ ആരെ ഏല്‍പ്പിക്കണമെന്ന് അറിയാതെ വട്ടം കറങ്ങുകയാണ് ഹൗസ് കീപ്പിങ് വിഭാഗം. ഫഌറ്റ് കമ്മീഷന് നല്കിയവരാണ് ഫോണ്‍ ഉപഹാരമായി വാങ്ങി നല്കിയതെങ്കില് കൈവശം വച്ചിരിക്കുന്ന ഉദ്യോഗസ്ഥന് വിശദീകരണം നല്കാന് കൊച്ചിയിലേക്ക് പോകേണ്ടി വരും. അതിനാല്‍ വിശദ വിവരം നല്‍കണമെന്ന് കാണിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കത്ത് അയച്ച് കാത്തിരിക്കുകയാണ് ഹൗസ് കീപ്പിങ് വിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: