കൊച്ചി: ലൈഫ് മിഷന് വടക്കാഞ്ചേരി പദ്ധതി നടത്തിപ്പിന്റെ എല്ലാ ഘട്ടത്തിലും മുഖ്യമന്ത്രിയുടെ അറിവും അനുഗ്രഹവും ഉണ്ടായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സംയുക്ത ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടതായി വിവരം. പദ്ധതിയുടെ കൂടിയാലോചനകള്‍ മുതല്‍ ഫണ്ട് വന്നതുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും പദ്ധതിയുടെ നൂതനാശയത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചതായും, സംയുക്ത ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞിട്ടുണ്ട്. പലരും ഇതുവരെ പറഞ്ഞതില്‍ അധികവും നുണയെന്നും തെളിഞ്ഞു.
ലൈഫ്മിഷന് സിഇഒ യു.വി. ജോസ്, കരാറുകാരന് യുണിടാക് എംഡി സന്തോഷ് ഈപ്പന്, ലൈഫ് മിഷന് നടത്തിപ്പിന്റെ ചുമതലക്കാരനായിരുന്ന എം. ശിവശങ്കര്‍ എന്നിവരെ ഒന്നിച്ചിരുത്തി ഇന്നലെ ഇ ഡി ചോദ്യം ചെയ്തു. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ധനസഹായം നേടുന്നതും പദ്ധതി ആസൂത്രണം ചെയ്യുന്നതും അടക്കം സകലതും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി മുമ്പ് പറഞ്ഞ മൊഴി ശിവശങ്കര്‍ വിശദീകരിച്ചു.
പദ്ധതി നടത്തിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായതായി യു.വി. ജോസ് പറഞ്ഞു. ഈ പദ്ധതി മറ്റ് ലൈഫ് മിഷന് പാര്‍പ്പിട നിര്‍മാണ സംവിധാനത്തില്‍നിന്ന് വേറിട്ടതാണെന്ന് ധരിപ്പിച്ചതായി ജോസ് വിശദീകരിച്ചുവെന്നാണ് അറിയുന്നത്. വീടുകള്‍ക്കു പകരം ഫഌറ്റ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തിനു പകരം വിദേശ ഏജന്‍സിയുടെ സഹായം എന്നിങ്ങനെയുള്ള പ്രത്യേകതകളുള്ളതിനാല്‍ നിര്‍മാണക്കരാര്‍ ലൈഫ് മിഷനല്ല കൈകാര്യം ചെയ്തതെന്നും സിഇഒ പറഞ്ഞു.
ഇതോടെ കരാര്‍ കാര്യത്തിലെ മുഴുവന്‍ ഇടപാടും സംബന്ധിച്ച വിവരങ്ങള്‍ യുണിടാക് എംഡി സന്തോഷ് ഈപ്പന് വിശദീകരിച്ചു. എല്ലാം ശിവശങ്കര്‍ വഴി സ്വപ്നയിലൂടെയും സന്ദീപ് നായരിലൂടെയുമാണ് നടത്തിയതെന്നും വിശദീകരിച്ചു. യുഎഇ അധികൃതരെ കാണാനും ഡീല്‍ ഉറപ്പിക്കാനും കമ്മീഷന് നല്‍കിയത് ഈപ്പന് സമ്മതിച്ചു. പണം സ്വപ്നയാണ് കൈപ്പറ്റിയതെന്ന് ശിവശങ്കറും സമ്മതിച്ചു.
കരാര്‍ ലഭിക്കാന്‍ നാലരക്കോടി രൂപ കമ്മീഷന് നല്‍കിയതായി സന്തോഷ് ഈപ്പന് നേരത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പല കാര്യങ്ങളും ചെയ്തു നല്‍കിയതെന്ന് ജോസ് നേരത്തെ പറഞ്ഞിരുന്നു. ഡോളര്‍ ഇടപാടിലും സന്തോഷ് ഈപ്പനില്‍ നിന്ന് ഇ ഡി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: