പീരുമേട്: പ്രായാധിക്യത്തെ തുടര്‍ന്ന് വയോധിക മരിച്ചത് കൊറോണ കാരണമെന്ന് വരുത്തിത്തീര്‍ത്ത് സിപിഎമ്മുകാര്‍ മൃതദേഹം സംസ്കരിച്ചതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത്. കൊറോണയായതിനാല്‍ ഭയം കാരണം വയോധികയെ നാട്ടുകാര്‍ ഉപേക്ഷിച്ചെന്നും ഒടുവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് സംസ്കരിച്ചുവെന്നുമാണ് സിപിഎം പ്രചാരണം. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് വരുന്നത് സിപിഎം തടയുകയായിരുന്നു.
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് തൊമ്മന്‍കോളനി മേലേപ്പറമ്പില്‍ ഗോമതി (90) യാണ് മരിച്ചത്. അസുഖബാധിതയായി ഒന്നരവര്‍ഷത്തോളമായി ഇവര്‍ കിടപ്പിലായിരുന്നുവെന്ന് മകന് ഗുരുസ്വാമി പറഞ്ഞു. രണ്ടാഴ്ച മുന്‍പ് കുടുംബത്തിലെ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിലൊരാള്‍ വീട്ടില്‍ മുറിയില്‍ കഴിഞ്ഞു. മറ്റൊരാള്‍ പുറത്തായിരുന്നു. ഇതിനിടെയാണ് അമ്മ മരിച്ചത്. എന്നാല്‍ ക്വാറന്റൈനിലായതിനാല്‍ തനിക്കും മറ്റുള്ളവര്‍ക്കും പുറത്തിറങ്ങാനായില്ലെന്നും ഗുരുസ്വാമി വിശദീകരിച്ചു. സംസ്കാരത്തിന് സഹായവുമായി ഡിവൈഎഫ്ഐ നേതാക്കളെത്തി. ഇത് കുടുംബത്തിന് ആശ്വാസമായെങ്കിലും പിന്നീട് വന്ന വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലെ പ്രചാരണവുമാണ് പ്രശ്നമായത്.
ഗോമതിക്ക് ബന്ധുക്കള്‍ ആരുമില്ലായെന്നും കൊറോണ ബാധിച്ച് മരിച്ചതിനാല്‍ നാട്ടുകാര്‍ മൃതദേഹം സംസ്കരിക്കാന്‍ തയ്യാറായില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടുപിടിച്ച് സിപിഎം പ്രചരിപ്പിച്ചു. ഡിവൈഎഫ്ഐക്കാര്‍ മാതൃകയായെന്ന് സംസ്ഥാന നേതാവ് എ.എ. റഹീം ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പാര്‍ട്ടി ചാനലിലും പത്രത്തിലും വാര്‍ത്തയും നല്കി. എന്നാല്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ഗോമതിയെ പരിചരിച്ചവര്ക്കടക്കം കൊറോണയില്ലെന്നാണ് കണ്ടെത്തിയത്. സിപിഎം നേതൃത്വം മാപ്പുപറയണമെന്നും സത്യാവസ്ഥ വിവരിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: