അഹമ്മദാബാദ്: ഇന്ത്യയുടെ ഭൂമിയില്‍ കണ്ണുവയ്ക്കുന്നവര്‍ക്ക് ഉചിതമായ മറുപടി ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കാഴ്ചപ്പാടും അതിര്‍ത്തികളോടുള്ള മനോഭാവവും മാറിയിട്ടുണ്ട്. അതിര്‍ത്തികളില്‍ ഇന്ത്യ നൂറുകണക്കിന് കിലോമീറ്റര്‍ റോഡുകളും ഡസന്‍ കണക്കിനു പാലങ്ങളും നിരവധി തുരങ്കങ്ങളും നിര്‍മ്മിക്കുന്നുണ്ട്്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ കെവാഡിയയില്‍ നടന്ന ഏകതാ ദിവസ് ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പുല്‍വാമ ആക്രമണം രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ല; ധീരപുത്രരുടെ വേര്‍പാടില്‍ രാജ്യം മുഴുവന്‍ ദു:ഖിതരാണ്. അയല്‍രാജ്യത്തെ പാര്‍ലമെന്റില്‍ അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ അതുമായി ബന്ധപ്പെട്ട സത്യം വെളിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തികഞ്ഞ സ്വാര്‍ത്ഥതയും അഹങ്കാരവും പ്രകടിപ്പിക്കുന്ന വൃത്തികെട്ട രാഷ്ട്രീയ കളികളെ അദ്ദേഹം വിമര്‍ശിച്ചു. പുല്‍വാമ ആക്രമണത്തിനുശേഷമുള്ള ചിലരുടെ നിലപാട് ഈ ആളുകള്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യത്തിന് എത്രത്തോളം പോകുമെന്നതിന്റെ മികച്ച ഉദാഹരണമാണ്.
130 കോടി നാട്ടുകാര്‍ ഒരുമിച്ച് ശക്തവും കഴിവുള്ളതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയാണെന്നും അതില്‍ തുല്യ അവസരങ്ങളുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം പര്യാപ്തമായ ഒരു രാജ്യത്തിന് മാത്രമേ അതിന്റെ പുരോഗതിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആത്മവിശ്വാസമുണ്ടാകൂ.
ഇന്ത്യയും ലോകവും ഇന്ന് നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തെ പിന്തുണച്ച് ചിലര്‍ രംഗത്തെത്തിയത് ആഗോളതലത്തില്‍ ആശങ്കാജനകമാണ്. ലോകത്തെ എല്ലാ രാജ്യങ്ങളും എല്ലാ സര്‍ക്കാരുകളും, എല്ലാ മതങ്ങളും ഭീകരതയ്ക്കെതിരെ ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു. നമ്മുടെ വൈവിധ്യമാണ് നമ്മുടെ നിലനില്‍പ്പിന് ആധാരം, അതിനാല്‍ നമ്മള് അസാധാരണരാണ്. ഇന്ത്യയുടെ ഈ ഐക്യമാണ് മറ്റുള്ളവര്‍ക്കു നമ്മെ ആകാംക്ഷയോടെ കാണാന്‍ പ്രേരണ- നരേന്ദ്ര മോദി ഓര്‍മ്മിപ്പിച്ചു.
ഗുജറാത്ത് സംസ്ഥാന പൊലീസ്, കേന്ദ്ര റിസര്‍വ് സായുധ ബറ്റാലിയന്, അതിര്‍ത്തി രക്ഷാ സേന, ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ്, കേന്ദ്ര വ്യാവസായ സുരക്ഷാ സേന, ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ എന്നിവയുടെ വര്‍ണ്ണാഭമായ പരേഡിന് നേരത്തെ പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. പരേഡില്‍ സിആര്‍പിഎഫിലെ വനിതാ ഉദ്യോഗസ്ഥരുടെ റൈഫിള്‍ ഡ്രില്ലും ഉള്‍പ്പെടുത്തി. ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാറുകളും ഈ അവസരത്തില്‍ ഒരു ഫ്ളൈ-പാസ്റ്റ് അവതരിപ്പിച്ചു. രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി ഇന്ത്യയുടെ ഗോത്രപൈതൃകം പ്രദര്‍ശിപ്പിക്കുന്ന സാംസ്കാരിക പരിപാടിക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: