ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം അവിടുത്തെ ജനങ്ങള്‍ ദേശീയ മുഖ്യധാരയ്ക്കൊപ്പമാണെന്ന് തെളിയിക്കുന്നു. ഭരണത്തിലെത്താന്‍ കഴിയുന്ന വിധം ബിജെപിക്ക് വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞതും, കോണ്‍ഗ്രസ്സിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതും രാജ്യത്തെ മറ്റിടങ്ങളിലേതുപോലെ ദേശീയതയുടെയും വികസനത്തിന്റെയും രാഷ്ട്രീയത്തിനാണ് കശ്മീരിലും പ്രസക്തിയെന്ന സത്യം വിളിച്ചോതുകയാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച മെഹ്ബൂബ മുഫ്തിയുടെ വിഘടനവാദ രാഷ്ട്രീയത്തെ ലഡാക്കിലെ ജനങ്ങള്‍ വകവയ്ക്കുന്നില്ലെന്നും ഈ ഫലം തെളിയിക്കുന്നു. ആം ആദ്മി പാര്‍ട്ടിക്ക് ഒരൊറ്റ സീറ്റില്‍പോലും ജയിക്കാനാവാതിരുന്നത് അവരുടെ അരാജക രാഷ്ട്രീയത്തിന് ശാന്തശീലരായ ലഡാക്കി ജനതയ്ക്കിടയില്‍ സ്ഥാനമില്ലെന്നും തെളിയിച്ചു. മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍നിന്നും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ബിജെപിയും നരേന്ദ്ര മോദിയുടെ ഭരണവും മുസ്ലിം വിരുദ്ധമാണെന്ന കുപ്രചാരണം രാഷ്ട്രീയ പ്രതിയോഗികള്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടി നടത്തുന്നതാണെന്നും, അതില്‍ വാസ്തവമില്ലെന്നും ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു.
വിഘടനവാദം വളര്‍ത്തുകയും, കശ്മീരിനെ പാക്കിസ്ഥാന്റെ കൈനിലമായി നിലനിര്‍ത്തുകയും ചെയ്യുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് മോദി സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ രാജ്യത്തിനകത്തും പുറത്തും വലിയ കോലാഹലമുയര്‍ന്നിരുന്നു. ജമ്മു-കശ്മീര്‍ മേഖലയെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാക്കിയപ്പോള്‍ ലഡാക്കിനെ സ്വയംഭരണമുള്ള കേന്ദ്രഭരണപ്രദേശമാക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ പാക്കിസ്ഥാന്റെ പിന്തുണയോടെ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്തി. അതേസമയം, വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ അതില്‍ പങ്കാളികളാക്കുകയും, യുവജനങ്ങള്‍ക്കായി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഒന്നിനുപുറകെ ഒന്നായി മോദി സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടികളെ കശ്മീര്‍ ജനത അംഗീകരിക്കുന്നതായാണ് ലഡാക്കിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത്. മതത്തിന്റെ പേരില്‍ വിഘടനവാദത്തിനും ഭീകരവാദത്തിനും തീറെഴുതിക്കൊടുത്തിരുന്ന ഒരു സംസ്ഥാനത്തെ മുന്‍കാല തിന്മകളിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാലല്ലാതെ ദേശീയപതാക ഉയര്‍ത്തില്ലെന്ന് മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കുള്ള മറുപടിയും ലഡാക്കിലെ ബിജെപി വിജയത്തിലുണ്ട്.
കശ്മീരിലെ വിഘടനവാദ രാഷ്ട്രീയം ആ സംസ്ഥാനത്തിന്റെ പരിധിയില്‍ ഒതുങ്ങിനില്ക്കുന്നതല്ല. രാജ്യത്തിന്റെ ഇങ്ങേയറ്റത്തു കിടക്കുന്ന കേരളത്തില്‍പ്പോലും അത് സജീവമാണെന്ന് കത്വ സംഭവത്തിന്റെ പേരില്‍ അരങ്ങേറിയ വാട്സാപ് ഹര്‍ത്താലുള്‍പ്പെടെയുള്ള സംഭവങ്ങള്‍ തെളിയിച്ചതാണ്. ഇതിന് വൈദേശിക ശക്തികളില്നിന്നുപോലും പലതരം സഹായങ്ങള്‍ ലഭിക്കുന്നു. കശ്മീരിന്റെ മോചനത്തിനുവേണ്ടിയെന്നു പറഞ്ഞാണ് ദല്‍ഹിയിലും മറ്റും മതതീവ്രവാദികള്‍ ആസാദി മുദ്രാവാക്യം മുഴക്കുന്നത്. മതമൗലികവാദികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരും ചേര്‍ന്ന് കശ്മീരിലെ ദേശസ്നേഹികളെ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവരികയായിരുന്നു. ഭീകരവാദത്തെ അടിച്ചമര്‍ത്തുന്നതിനെ വംശഹത്യയായി ചിത്രീകരിച്ച് രാജ്യാന്തര വേദികളില്‍ ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിനെതിരെ പാക്കിസ്ഥാന് രംഗത്തുവന്നിരുന്നു. ഭാരതത്തിന്റെ ഭാഗമായി ലഡാക്കിനെ അംഗീകരിക്കില്ലെന്ന് ചൈനയും അടുത്തിടെ പ്രഖ്യാപിച്ചു. രണ്ട് അവകാശവാദങ്ങളും മോദി സര്‍ക്കാര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു. കശ്മീരിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് കരുത്തുപകരുന്നതാണ് ലഡാക്ക് കൗണ്‍സിലില്‍ ബിജെപി നേടിയ ഉജ്വല വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: