ചേര്‍ത്തല: സിപിഎം നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എന്‍ പുരം കമ്മനാപറമ്പില്‍ എസ്. അഭി ശിവദാസ്(25), കണ്ടേലാട്ടുവെളി വീട്ടില്‍ പ്രവീണ്‍കുമാര്‍(40) എന്നിവരെയാണ് മാരാരിക്കുളം സിഐ എസ്. രാജേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിന് രാത്രിയായിരുന്നു സംഭവം.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, സിപിഎം കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.സന്തോഷ് കുമാര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. സന്തോഷ് കുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ജനല്‍ചില്ല് തകര്‍ത്തതിന് 5000 രൂപയുടെ നഷ്ടമുണ്ടായതായാണ് കേസ്. സിപിഎം അംഗങ്ങളായ പ്രതികളെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മൂന്ന് പ്രതികളുണ്ടായിരുന്നെങ്കിലും ഒരാള്‍ക്ക് പങ്കില്ലെന്ന് മനസിലാക്കി വിട്ടയച്ചു. സിപിഎമ്മിലെ വിഭാഗീയത മുതലെടുത്ത് വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നാണ് മൊഴി നല്‍കിയത്.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫിസിലെ താല്‍ക്കാലിക ഡ്രൈവറായ അഭിയെ പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ്കുമാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് പ്രഭ മധുവിന്റെ വീടാക്രമിച്ചത്. പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പ്രസിഡന്റും തമ്മില്‍ തര്‍ക്കമുണ്ടെന്ന് മനസിലാക്കിയാണിത് ചെയ്തതെന്നും കല്ലെറിഞ്ഞത് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണെന്ന് കരുതുമെന്നു വിചാരിച്ചതായും പറയുന്നു. ഡ്രൈവറായി ജോലി ചെയ്യവേ സന്തോഷ് കുമാര്‍ പലതവണ അവഹേളിച്ചിട്ടുണ്ടെന്നും ഇതിലെ വൈരാഗ്യമാണ് സന്തോഷിന്റെ വീടാക്രമണത്തിന് കാരണമായതെന്നും മൊഴി നല്‍കിയിട്ടുണ്ട്.
അഭിയുടെ സുഹൃത്താണ് പ്രവീണ്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഇതോടെ പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് പുറത്തായി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ നിലപാട് എടുക്കുകയും രാജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് വടക്കു പഞ്ചായത്തിലെ പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ അനുവാദമില്ലാതെ വീടിന്റെ ഗേറ്റിലും മതിലിലും പതിപ്പിച്ചതിന് ബ്ലോക്ക് പ്രസിഡന്റിന്റെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: