കോഴിക്കോട്: സിപിഎം നേതൃത്വം നല്കുന്ന കോഴിക്കോട് കോര്പ്പറേഷന് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ ബിജെപിയുടെ സമരപരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് അറിയിച്ചു. സമരത്തിന്റെ ഒന്നാംഘട്ടമായി ബിജെപി കൗണ്‍സിലര്‍മാര്‍ കോര്പറേഷന് ഓഫീസിന് മുന്നില്‍ നടത്തുന്ന സപ്തദിന സത്യഗ്രഹത്തിന് ഇന്ന് തുടക്കമാകും.
രാവിലെ 10.30ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സമരം ഉദ്ഘാടനം ചെയ്യും. തുടര്‍ദിവസങ്ങളില്‍ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, സംസ്ഥാനസെക്രട്ടറിമാരായ അഡ്വ. കെ.പി. പ്രകാശ് ബാബു, പി. രഘുനാഥ്, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് എന്നിവര്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രനാണ് സമരത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍.
നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അമൃത് പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍ കോഴിക്കോട് കോര്പ്പറേഷന് പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് അഡ്വ.വി. കെ. സജീവന് ആരോപിച്ചു. 264 കോടിയുടെ പദ്ധതി ലഭിച്ചതില്‍ 116.5 കോടി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ആണ്. ലക്ഷക്കണക്കിന് രൂപ കണ്‍സള്‍ട്ടന്‍സി ഫീസ് കൊടുത്ത് സിപിഎം നേതാക്കള്‍ക്ക് വേണ്ടപ്പെട്ട ഒരാളുടെ കടലാസ് കമ്പനി തയ്യാറാക്കിയ ഡിപിആര്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ കാരണം പദ്ധതി തന്നെ നഷ്ടപ്പെടാന്‍ പോകുന്ന അവസ്ഥയാണ്. തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ട്. മാറ്റിവെച്ചത് തെളിച്ചമില്ലാത്ത വിളക്കുകള്‍ ആണെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നുവരികയാണ്. പൊതുഇടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്കും സ്വകാര്യഏജന്സികള്ക്കും നടത്തിപ്പിന് കൈമാറാനുള്ള പുതിയ തീരുമാനം ലക്ഷങ്ങള്‍ കമ്മീഷന് അടിക്കാനുള്ള നീക്കമാണ്. മാനാഞ്ചിറയും മാവൂര്‍ റോഡ് ശ്മശാനവും മറ്റു പാര്‍ക്കുകളും ബസ് സ്റ്റോപ്പുകളും ഉള്‍പ്പെടെ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: