തൊടുപുഴ: ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും വിജയ ദശമി ആഘോഷം നടന്നു. നൂറ് കണക്കിന് കുട്ടികളാണ് കൊറോണയുടെ പശ്ചാത്തലത്തിലും ഇത്തവണ ആദ്യാക്ഷരം കുറിച്ചത്. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഇതിന് സൗകര്യമൊരുക്കിയിരുന്നെങ്കിലും വളരെ കുറച്ച് കുട്ടികള്‍ക്ക് മാത്രമാണ് അവസരം നല്‍കിയത്. മിക്കയിടത്തും ആചാര്യന്മാര് നിര്‍ദേശങ്ങള്‍ നല്കിയപ്പോള് നാവില്‍ ആദ്യാക്ഷരം കുറിച്ചത് കുട്ടികളുടെ അച്ഛന്മാരാണ്.
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇത്തവണ ആദ്യാക്ഷരം കുറിച്ചത് 7 കുരുന്നുകള്‍ ആണ്. ആചാര്യനില്ലാതെ നടന്ന ചടങ്ങില്‍ കുട്ടികളുടെ രക്ഷിതാക്കളാണ് ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കിയത്. രാവിലെ 6.20ന് തുടങ്ങിയ ചടങ്ങ് 11 മണിയോടെ അവസാനിച്ചു. കഴിഞ്ഞ വര്‍ഷം അന്‍പതോളം കുരുന്നുകളാണ് ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ചത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ക്ഷേത്രകമ്മിറ്റി ഇത്തവണത്തെ ചടങ്ങ് ലളിതമാക്കന് തീരുമാനിക്കുകയായിരുന്നു. ആചാര്യന്മാരില്ലാതെ രക്ഷിതാക്കള്‍ക്ക് ചടങ്ങ് നിര്‍വ്വഹിക്കാമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കിയത്. ഒരുപക്ഷേ ഇതായിരിക്കാം എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കാരിക്കോട് ഭഗവതി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകളില്‍ നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 6.30ന് തുടങ്ങിയ ചടങ്ങുകള്‍ 11 വരെ നീണ്ടു നിന്നു. ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭത്തിനും അനുബന്ധ ചടങ്ങുകള്‍ക്കും ക്ഷേത്രതന്ത്രിമാരായ പോടൂര്‍ മന രൂപേഷ് നമ്പൂതിരി, ഇരളിയൂര്‍ മന ഹരീഷ് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി. ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാനെത്തി. എല്ലായിടത്തും കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: