മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ 18 വരെയാണെന്നിരിക്കെ ഇന്ത്യന്‍ വിവാഹ പ്രായത്തില്‍ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്നാണ് സമസ്തയുടെ വാദം.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിലൂടെ സാംസ്കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാവും. പെണ്‍കുട്ടികളുടെ ശാരീരികമാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്നും സമസ്ത ന്യായീകരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷമാണ്പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചന പുറത്തുവന്നത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിവാഹ പ്രായത്തില്‍ തീരുമാനമെടുക്കുമെന്നും അദേഹം അറിയിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യയിലെ മുസ്ലീംമതസംഘടനകള്‍ രംഗത്തുവന്നിരുന്നു. വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് ഇവര്‍ നിലപാട് എടുത്തത്. ഈ നിലപാട് തന്നെയാണ് രാഹുല്‍ ഈശ്വറും ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്.
മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21 ഉം ആണ്. ശൈശവ വിവാഹങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും കാര്‍മികത്വം വഹിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാക്കാനും 2019 നവംബറില്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. 2 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വര്‍ഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കി ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: