കൊച്ചി: സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ വ്യക്തമാക്കി. സ്വപ്ന സുരേഷിനെ മറയാക്കി സ്വര്‍ണക്കടത്തു നിയന്ത്രിച്ചത് ശിവശങ്കറാകാമെന്നും ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലെ വാദത്തിനിടെ അഡി. സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതാദ്യമായാണ് ശിവശങ്കറിനെതിരെ ഇഡി ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വരുന്നത്. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഈ മാസം 28നു വിധി പറയാന്‍ മാറ്റി. ശിവശങ്കറിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവു അതുവരെ നിലനില്‍ക്കുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വര്‍ണക്കടത്തിലെ ലാഭം എത്തിച്ചേര്‍ന്നത് ശിവശങ്കറിനാണോ എന്ന് സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത പദവി വഹിക്കുന്നതിനാല്‍ സ്വപ്നയെ ഇതിനുള്ള മറയാക്കിയതാകാം, ഇഡിക്കു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു.
ശിവശങ്കറിനെതിരായ വാട്ട്സ് അപ്പ് സന്ദേശമടക്കമുള്ള തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇ.ഡി സമര്‍പ്പിച്ചു. മുദ്രവച്ച കവറില്‍ തെളിവുകള്‍ നല്‍കുന്നതിനെ ശിവശങ്കറിന്റെ അഭിഭാഷകന് എതിര്‍ത്തു. തെളിവുകള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്നും അന്വേഷണത്തെ ബാധിക്കുമെന്നും അഡി. സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും ഗൂഢാലോചനയില്‍ ശിവശങ്കറിനു പങ്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി ഇതിനായി വിനിയോഗിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ കാണാന്‍ ശിവശങ്കറിനൊപ്പം പോയപ്പോള്‍ സ്വപ്നയുടെ പക്കലുണ്ടായിരുന്ന 30 ലക്ഷം രൂപയടക്കം സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച കമ്മീഷനാണ്. സ്വപ്നയുടെ പണമിടപാടിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല. നല്കിയ ഉത്തരങ്ങള്‍ പലതും കള്ളമാണ്. ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാനിടയാക്കും. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. (പേജ് 5, 9 കാണുക)
സമ്മതിച്ച് റമീസ്
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊന്ന് കെ.ടി. റമീസാണെന്ന് എന്‍ഐഎ. സ്വര്‍ണക്കടത്ത് നടത്തിയെന്നും ആഫ്രിക്കയിലും താന്‍സാനിയയിലും സ്വര്‍ണ-വജ്ര ഖനിക്ക് ലൈസന്‍സ് നേടാന്‍ ശ്രമിച്ചെന്നും ചോദ്യം ചെയ്യലില്‍ റമീസ് സമ്മതിച്ചു. മൂന്നു ദിവസത്തെ കസ്റ്റഡിക്കു ശേഷം റമീസ്, സരിത്ത്, ജലാല്‍ എന്നിവരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഖനന ബിസിനസില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പിന്നീട് തടി വ്യവസായത്തിലേക്ക് കടന്നതായാണ് റമീസിന്റെ വിശദീകരണം. എന്നാല്‍ താന്‍സാനിയയില്‍ നിന്ന് യുഎഇയിലേക്ക് സ്വര്‍ണം കടത്തിയിരുന്നതായി റമീസ് സമ്മതിച്ചിട്ടുണ്ട്, റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: