കൊല്ലം: വസ്തുവിന്റെ ഫെയര്‍വാല്യൂ കൃത്യമായി നിശ്ചയിക്കാത്തതു മൂലം കൊല്ലം വെസ്റ്റ് വില്ലേജില്‍ ആധാരരജിസ്ട്രേഷന് ചെലവ് ഏറുന്നതായി പരാതി.
വില്ലേജില്‍ പെട്ട മനയില്‍കുളങ്ങര, തിരുമുല്ലവാരം, മുളങ്കടകം, മണലില്‍, മാമൂട്ടില്‍കടവ്, കുരീപുഴ പ്രദേശത്താണ് ന്യായവില നിശ്ചയിച്ചിട്ടില്ലാത്തത്. ഇക്കാരണത്താല്‍ ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രദേശത്തു മറ്റു വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഏറ്റവും കൂടിയ വില വയ്ക്കാന്‍ സബ് രജിസ്ട്രാര്‍മാര്‍ നിര്‍ദേശിക്കുകയാണ്.
ഇരുചക്ര വാഹനങ്ങള്‍ പോലും കടന്നുപോകാന്‍ സൗകര്യം ഇല്ലാത്ത വസ്തുക്കള്‍ക്കും ദേശീയപാതയില്‍ പെട്ട വസ്തുക്കളുടെ വിലയോ പ്രധാന റോഡുകളുടെ വശത്തെ വസ്തുക്കളുടെ മൂല്യമോ ആധാരത്തില്‍ കാണിക്കേണ്ടി വരികയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. സ്വന്തം മക്കള്‍ക്ക് ധനനിശ്ചയ ആധാരം നടത്തി കൊടുക്കാന്‍ പോലും അമിത തുക ചെലവഴിക്കേണ്ടി വരുന്നു.
അടുത്തകാലം വരെ ന്യായവില രജിസ്റ്ററില്‍ ചേര്‍ക്കാത്ത വസ്തുക്കള്‍ക്ക് വില നിശ്ചയിച്ചു നല്കാന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് അധികാരം ഉണ്ടായിരുന്നു. കക്ഷികളെ വരുത്തിയും റിക്കാര്‍ഡുകള്‍ പരിശോധിച്ചും സ്ഥലത്തെ വില്ലജ് ഓഫീസറുടെ നിര്‍ദേശപ്രകാരം ന്യായ വിലയിട്ട് രേഖ നല്‍കിയിരുന്നു. എന്നാല്‍ ഗസറ്റ് പരസ്യം വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇതിന് തിരിച്ചടിയായി.
ഫെയര്‍വാല്യൂ നിശ്ചയിക്കാന്‍ നടപടി ഉണ്ടാകണമെന്നും രജിസ്റ്ററില്‍ ചേര്‍ക്കാന്‍ വിട്ടുപോയ വസ്തുക്കളുടെ വില എത്രയും വേഗം ചേര്‍ത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ആധാരം എഴുത്ത് അസോസിയേഷന് കൊല്ലം യൂണിറ്റ് പ്രസിഡന്റ് ശശി കരുന്നാട്ട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: