കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ കലാപത്തിന് പിന്നില്‍ ആഭ്യന്തര മന്ത്രി ഇജാസ് ഷായുടെ ഇടപെടലെന്ന് റിപ്പോര്‍ട്ട്. പിഎംഎല്‍-എന്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന്റെ മകള്‍ മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഇജാസ് ഷായുടെ നിര്‍ദേശമാണെന്ന് റിപ്പോര്‍ട്ട്. സിന്ധ് പോലീസ് മേധാവി മുഷ്താഖ് മെഹറിനെ സൈന്യം തട്ടിക്കൊണ്ടുപോയ് ഭീഷണിപ്പെടുത്തിയാണ് സഫ്ദറിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിറക്കിയത്. ഇത് ആഭ്യന്തര മന്ത്രിയുടെ അറിവോടെയാണെന്നാണ് സൂചന.
രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയെ മോശമായി ചിത്രീകരിച്ചെന്ന പേരിലാണ് സഫ്ദറിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഒരു രാഷ്ട്രീയ നേതാവിനുമില്ലെന്ന് ഇജാസ് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രവിരുദ്ധ പ്രസ്താവന നടത്തിയ നവാസ് ഷെരീഫിനെതിരെയും നടപടിയുണ്ടാകുമെന്ന് ഇജാസ് ഷാ പറഞ്ഞതും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
തീവ്രവാദികളെ സംരക്ഷിക്കുന്നതിന്റെ പേരിലും അഴിമതി ആരോപണങ്ങളുടെ പേരിലും ഇജാസ് ഷാ വന്‍ പ്രതിഷേധമാണ് നേരിടുന്നത്. പുതിയ പ്രശ്നങ്ങളുണ്ടാക്കി വിഷയം വഴിതിരിക്കാനും പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയെയും പാക്കിസ്ഥാന് മുസ്ലിം ലീഗിനെയും തമ്മില്‍ തല്ലിക്കാനുമാണ് ഇജാസ് ഷാ ലക്ഷ്യമിടുന്നതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് വന്‍ പ്രതിഷേധമാണ് ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: