മൂന്നാര്‍: അശാസ്ത്രീയ നിര്‍മാണത്തെ തുടര്‍ന്ന് മലയിടിഞ്ഞ് വന്‍തോതില്‍ നാശമുണ്ടായ ഗ്യാപ്പ് റോഡിലെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ നീക്കം. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നത്. ആഗസ്റ്റിലെ മഴയില്‍ ലോക്ഹാര്‍ട്ട് ഗ്യാപ്പ് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലും മലയിടിച്ചിലില്‍ 50 ഹെക്ടറോളം ഏലക്കൃഷി നശിച്ചിരുന്നു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ റോഡ് നിര്‍മ്മാണം അനുവദിക്കില്ലെന്ന് കര്‍ഷകരും അനുകൂലമായി ജില്ലാ ഭരണകൂടവും നിലപാടെടുത്തതോടെയാണ് നിര്‍മ്മാണം നിലച്ചത്.
പിന്നാലെ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും അര്‍ഹിക്കുന്ന നഷ്ട പരിഹാരം ലഭിച്ചില്ലെന്ന് കാട്ടി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെയാണ് രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടുള്ള ചര്‍ച്ചയാരംഭിച്ചത്. ഇടുക്കി എംപി ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതും ഫലം കണ്ടില്ല.
മന്ത്രിയുടെ ബന്ധുക്കളാണ് നിലവില്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്കു യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകനായ കുന്നേല്‍ ബേബി ജന്മഭൂമിയോട് പറഞ്ഞു. 11 ഏക്കര്‍ കൃഷിയിടമാണ് തന്റേത് മാത്രം നശിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും കര്‍ഷകരുടെ നേതാവ് കൂടിയായ ബേബി പറഞ്ഞു.
അതേസമയം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായതായി കരാറുകാരന് അറിയിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. ഇന്നലെ വൈകിട്ട് നേരിട്ടെത്തിയാണ് ഇക്കാര്യം പറഞ്ഞത്. കര്‍ഷകരുമായി ഒത്തുതീര്‍പ്പായി എന്നത് സംബന്ധിച്ച് ദേശീയപാത അതോററ്റിയുടെ കത്തുമായി എത്തിയാല്‍ നിര്‍മ്മാണം തുടങ്ങാനുള്ള അനുമതി നല്‍കാമെന്നാണ് ഇദ്ദേഹത്തോട് കളക്ടര്‍ പറഞ്ഞത്. എന്നാല്‍ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ഇതിന് ശേഷമെ നിര്‍മ്മാണം തുടങ്ങാനാകൂവെന്നുമാണ് ദേശീയപാത നിര്‍മ്മാണത്തിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നത്. നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും കര്‍ഷകരുടെ നഷ്ടപരിഹാരവിഷയത്തില്‍ തീരുമാനം അറിഞ്ഞ ശേഷംമാത്രമേ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയുള്ളുവെന്നും സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: