കോഴിക്കോട്: മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി സാമുദായിക- ഹൈന്ദവ സംഘടനാ നേതാക്കള്‍ നയിക്കുന്ന പഞ്ചദിന നിരാഹാര സത്യഗ്രഹം 27 ന് ആരംഭിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു അറിയിച്ചു.
പരമ്പരാഗത ശവ സംസ്ക്കാര സംവിധാനം നിലനിര്‍ത്തുക, കോര്‍പറേഷന്റെ തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക, മതാചാര പ്രകാരമുള്ള ശവസംസ്കാര പരിപാലനത്തിന് സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സത്യഗ്രഹം ആരംഭിക്കുന്നത്. സമരത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സായാഹ്ന പ്രതിഷേധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.
പതിനാറ് ദിവസം നീണ്ടു നില്ക്കുന്ന സായാഹ്ന പ്രതിഷേധം വിജയദശമി ദിനത്തില്‍ സമാപിക്കും. തുടര്‍ന്നാണ് നിരാഹാര സത്യഗ്രഹം. നേരത്തെ ഹിന്ദുഐക്യവേദി നേതാക്കള്‍ നയിച്ച പഞ്ചദിന സത്യഗ്രഹവും നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: