തിരുവനന്തപുരം : സ്പ്രിങ്ക്ളറിന് കരാര്‍ നല്‍കുന്നതിന് നിയമ വകുപ്പുമായി ആലോചിച്ചില്ല. കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികളില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സമിതി. സംസ്ഥാനത്തെ 1.8 ലക്ഷം കൊറോണ രോഗികളുടെ പേരുവിവരങ്ങള്‍ സ്പ്രിങ്ക്ളറിന് ലഭിച്ചിട്ടുണ്ടെന്നും സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. മുന്‍ വ്യോമയാന സെക്രട്ടറി എം.മാധവന് നമ്പ്യാരും സൈബര്‍ സുരക്ഷാവിദഗ്ധന് ഗുല്‍ഷന്‍ റോയിയുടേയും നേതൃത്വത്തിലുള്ള സമിതിയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്.
കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടില്ല. നിയമ സെക്രട്ടറിയുടേയോ ആരോഗ്യ വകുപ്പിന്റേയോ അഭിപ്രായം ഇതുമായി ബന്ധപ്പെട്ട് തേടിയിട്ടില്ല. ഇത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയാണെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ടു. കരാറില്‍ ഏര്‍പ്പെടുന്നതിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ നേരിട്ടാണ് തീരുമാനമെടുത്തത്. കരാറില്‍ ഒപ്പുവെക്കുന്നത് അദ്ദേഹം മുന്‍കൈ എടുത്തുവെന്നും മാധവന് നമ്പ്യാര്‍ സമിതി അറിയിച്ചു.
1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിങ്ക്ളറിന് ലഭിച്ചെങ്കിലും പനി, തലവേദന, ഛര്‍ദി തുടങ്ങിയ അസുഖങ്ങളുടെ വിവരങ്ങളാണ് കമ്പനിക്കു കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൗരവസ്വഭാവമുള്ള വിവരങ്ങള്‍ കമ്പനിക്കു ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിര്‍ദേശങ്ങളും വിദഗ്ധസമിതി മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിനായി സി ഡിറ്റിനെയും ഐടി വകുപ്പിനേയും സാങ്കേതികമായി കൂടുതല്‍ ശക്തമാക്കണമെന്നും സി ഡിറ്റ് ജീവനക്കാര്‍ക്കു പരിശീലനം നല്‍കണം. സൈബര്‍ സുരക്ഷ ഓഡിറ്റിനായി വൈദഗ്ധ്യമുള്ള കമ്പനികളെ എംപാനല്‍ ചെയ്യണം. വിവരചോര്‍ച്ച ഉണ്ടാകുന്നത് കണ്ടെത്താന്‍ സര്‍ക്കാരിന് നിലവില്‍ സംവിധാനങ്ങളൊന്നുമില്ലെന്നും സര്‍ക്കാര്‍ സമിതി അറിയിച്ചു.
സ്പ്രിങ്ക്ളര്‍ മേധാവിയായ മലയാളി രാഗി തോമസ് അടക്കമുള്ളവരോട് വിഡിയോ കോണ്‍ഫറന്‍സ് വഴി കമ്മിറ്റി വിവരശേഖരണം നടത്തി. കഴിഞ്ഞ മാസം കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സ്പ്രിങ്ക്ളറുമായി കരാര്‍ തുടരേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്പ്രിങ്ക്ളര്‍ നല്കിയ ടൂള്‍ വിവര വിശകലനത്തിന് ഇതുവരെ ഉപയോഗിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: