പത്തനംതിട്ട : താന്‍ പണം തട്ടിയെടുത്തെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കുമ്മനം രാജശേഖരന്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെ ശ്രമമാണ് നടക്കുന്നത്. ആറന്മുള സ്വദേശിയുടെ പരാതിയില്‍ കേസെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പേപ്പര്‍ കോട്ടണ്‍ മിക്സ് നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് പണം വാങ്ങിയതായി ഹരികൃഷ്ണന് എന്നയാളാണ് പരാതി നല്‍കിയത്. എന്നാല്‍ പണമിടപാടിനെ പറ്റി തനിക്ക് അറിയില്ല. ആശയപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. തനിക്ക് യാതൊരുവിധ ബിസിനസ്സ് ഇടപാടുകളും നടന്നിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
വിഷയത്തില്‍ സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനും ഇതിന്റെ ഭാഗമാകുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് കേസില്‍ തന്നെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. പോലീസ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. ആവശ്യമായ തെളിവുകളൊന്നുമില്ലാതെയാണ് തന്നെ പ്രതി ചേര്‍ത്തിരിക്കുന്നത്.
പരിസ്ഥിതിയെ വളരെ ഗുരുതരമായി ബാധിക്കുന്ന പ്ലാസ്റ്റിക്കിന് ബദലായി ഒരു ഉത്പ്പന്നം വന്നപ്പോള്‍ അതിന്റെ ആശയത്തെ മാത്രമാണ് താന്‍ പ്രോത്സാഹിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് താന്‍ ആരുമായും സംസാരിച്ചിട്ടില്ല. പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്തമാണ്. പണം നിക്ഷേപിക്കാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തില്‍ ഒരു ബിസിനസ്സിനെ കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: