അലബാമ: മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്നതിന് മൂന്നു ദിവസം മാത്രം അവശേഷിക്കെ റൂത്തി ബ്രൗണിന് ദാരുണാന്ത്യം. എട്ടോളം വരുന്ന നായ്ക്കള്‍ ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഒക്ടോബര്‍ 19 തിങ്കളാഴ്ചയായിരുന്നു സംഭവം. അലബാമ നാപ്പോ ടൗണില്‍ താമസിച്ചിരുന്ന റൂത്തി പുറത്ത് നടക്കാനിറങ്ങിയതായിരുന്നു.
നാലു മക്കളുടെ മാതാവാണ് മരിച്ച റൂത്തി. പെട്ടെന്നായിരുന്നു നായ്ക്കള്‍ ഇവരെ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിന് ദൃക്സാക്ഷികളായവര്‍ക്ക് ഇവരെ രക്ഷിക്കാനായില്ല. പോലീസില്‍ അറിയിച്ച് അവര്‍ എത്തുന്നതിനു മുമ്പ് ശരീരത്തില്‍ നിന്നും മാസം കടിച്ചുകീറപ്പെട്ട യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി വാക്കര്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. റൂത്തിനെ ആക്രമിച്ച എട്ടു നായ്ക്കളില്‍ അഞ്ചെണ്ണത്തെ പിടികൂടി ആനിമല്‍ ഷെല്‍ട്ടറില്‍ അടച്ചു. ഇതില്‍ രണ്ടെണ്ണത്തിന്റെ ഉടമസ്ഥരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ പ്രദേശത്ത് നായ്ക്കളുടെ ശല്യം വര്‍ധിക്കുന്നതായി ലോക്കല്‍ റസിഡന്റ് റോബിന് ജോണ്സണ് പറഞ്ഞു. ഇതിന് മുമ്പും ഈ നായ്ക്കള്‍ മനുഷ്യരേയും, മൃഗങ്ങളേയും കൂട്ടംകൂടി ആക്രമിച്ചിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ക്രിമിനല്‍ ചാര്‍ജ് ചെയ്യപ്പെടാവുന്ന സംഭവമാണോ എന്നു പരിശോധിച്ചുവരുന്നതായി ഡിസ്ട്രിക്ട് അറ്റോര്‍ണി ബിന്‍ അഡയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: