കൊറോണ എല്ലാവര്ക്കും പുതിയ അനുഭവങ്ങളാണ് നല്‍കിയത്. രാജ്യം അടച്ചിടേണ്ടി വന്നതോടെ സ്ഥിരവരുമാനം ഇല്ലാത്തവര്‍ പലരും പ്രതിസന്ധിയിലായി. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നവരും ഒരുപാടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം സ്വന്തം അധ്വാനത്തിലൂടെ മറികടന്നവരും നമുക്കിടയിലുണ്ട്. പിറവം രാമമംഗലം സ്വദേശി എല്‍ദോസ് പി. രാജു
നേഴ്സിങ് ജോലിയില്‍ നിന്നും താമര കൃഷിയിലേക്ക്. കേള്‍ക്കുമ്പോള്‍ നെറ്റിയല്‍പ്പം ചുളിഞ്ഞേല്ക്കാം. ജോലി ഏതായാലെന്താ അധ്വാനിക്കാനുള്ള മനസുണ്ടായാല്‍ മതിയെന്ന് പറയും എല്‍ദോസ്.
ഖത്തറില്‍ 10 വര്‍ഷം ഇന്‍ഡസ്ട്രിയല്‍ നേഴ്സായിരുന്നു. അവിടെ നിന്നും തിരിച്ച് നാട്ടില്‍ ജോലി നോക്കുന്നതിനായാണ് തിരിച്ചുവന്നത്. ഇതിനയി രജിസ്ട്രേഷനും എടുത്തു. എന്നിട്ടും ജോലി ഒന്നും ലഭിക്കാതിരുന്നതോടെയാണ് പൂക്കളിലേക്ക് ശ്രദ്ധ തിരിയുന്നത്. പൂക്കളില്‍ താമരയോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നത് കൊണ്ട് അതിന്റെ കൃഷി തന്നെ അങ്ങ് തെരഞ്ഞെടുത്തു.
ചെറിയ രീതിയില്‍ വീട്ടില്‍ തന്നെ കൃഷി എങ്ങനെ എന്ന ചിന്തയാണ് ബൗള്‍ താമരയിലേക്ക് തിരിയാനുള്ള പ്രധാന കാരണം. അത്യാവശ്യം സമാഹ മാധ്യമങ്ങള്‍ വഴി വേണ്ട വിവരങ്ങള്‍ ശേഖരിച്ച് ആദ്യം ചെറിയ രീതിയില്‍ തുടങ്ങി. കൊറോണ കാലമായതിനാല്‍ ഫേസ്ബുക്കിലൂടെയായി ഇവയുടെ വില്‍പ്പന. രാജ് ഫ്ളോറല്‍സ് എന്ന ബ്ലോഗിലൂടെ താമരയുടെ വിശേഷങ്ങള്‍ എല്‍ദോസ് പങ്കുവെച്ചു. ഇതോടെ താമരയ്ക്കും വിത്തിനും എല്ലാം ആവശ്യക്കാര്‍ ഏറെയായി. ആവശ്യക്കാരില്‍ കൂടുതലും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പ്രമോഷന് തൊട്ട് വില്‍പ്പന വരെ എല്ലാ ഇടപാടുകളും നടക്കുന്നത് ഓണ്‍ലൈനില്‍. ഒരു നല്ലപൂവ് ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ കിഴങ്ങ് തയ്യാറുണ്ട് എന്ന് ഫേസ്ബുക്കില്‍ കുറിക്കും. അതോടെ ആവശ്യക്കാരുടെ ഇടിതുടങ്ങും. ഇതോടെ പരിക്ഷണാടിസ്ഥാനതത്തില് ടറസില്‍ തുടങ്ങിയ കൃഷി മുറ്റത്തേയ്ക്കും പറമ്പിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ വഴി വിവിധയിനം ബൗള്‍ താമരകളുടെ വിത്ത് മാത്രമല്ല മുളപ്പിച്ച ചെടികളും അയച്ച് കൊടുക്കുന്നുണ്ട്. വിത്തും ചെടിയും ഏതേ് തരത്തിലാണ് നടേണ്ടതെന്ന് കൃത്യമായി വിശദീകരിച്ച് നല്‍കുന്നുണ്ട്. വലിയ വിലകൊടുത്തു വാങ്ങുന്ന കിഴങ്ങുകളാണ്. അതിന്റെ വളര്‍ച്ച ഉറപ്പാക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. കിഴങ്ങുകളേക്കാന്‍ ഇപ്പോള്‍ ചെടികള്‍ക്കാണ് ആവശ്യക്കാര്‍ ഏറിയിരിക്കുന്നത്.
ബൗളുകളില്‍ നട്ടിരിക്കുന്ന ചെടി ചെളിയും വെള്ളവും കളഞ്ഞ് അയച്ചുകൊടുക്കും. 10-12 ദിവസം ചെടിക്ക് ഒന്നും സംഭവിക്കില്ല. കിഴങ്ങാണെങ്കില്‍ അതില്‍ കൂടുതല്‍ദിവസം നില്ക്കും. ഫംഗസ് വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടാണ് അയക്കുന്നത്. നേരേ നട്ടാല്‍ മതി.ലോക്ഡൗണിനെ തുടര്‍ന്ന് അയച്ചത് കിട്ടാതെ വന്നവര്‍ക്ക് കഴിഞ്ഞ മാസം വീണ്ടും കിഴങ്ങ് അയച്ചുകൊടുക്കേണ്ടിവന്നു. താല്‍പ്പര്യത്തോടെ ചെടിയെ പരിചരിക്കുന്നവര്‍ക്കാണ് ഇത് നല്‍കുന്നത്.
താമര ഒരിക്കലും ചതിക്കില്ല. ഇതില്‍ പിടിച്ചുകയറാനുള്ള വരുമാനം ഇപ്പോള്‍ കിട്ടുന്നുണ്ട്. കുറഞ്ഞത് 1000 രൂപയാണ് ഒരെണ്ണത്തിന്റെ വില. 1000 മുതല്‍ 3000 വരെ രൂപ വരെ വിലയ്ക്കുള്ളതുണ്ട്. സഹസ്രദള പത്മത്തിന് 3000-ന് മുകളിലാണ് വില. ബുദ്ധസൗണ്ട്, ബുദ്ധസീറ്റ് ഇങ്ങനെ കൂടുതല്‍ ഭംഗിയും വ്യത്യസ്തതകളുമുള്ള വിലക്കൂടിയ ഇനങ്ങളും വേറേയുമുണ്ട്. വിലയേറിയ ഇനങ്ങള്‍ വിറ്റുപോകുന്ന മാസത്തില്‍ വരുമാനം 30000-ന് മുകളിലെത്തും.
പഠിച്ച ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുക എല്‍ദോസിനും അത്ര എളുപ്പമായിരുന്നില്ല. കൃഷി ആയത് കൊണ്ടുതന്നെ നല്ല ക്ഷമയും ശുഭാപ്തി വിശ്വാസവും ഉണ്ടായിരുന്നു. ഒപ്പം വീട്ടുകാരുടെ പിന്തുണ കൂടി ലഭിച്ചതോടെ എന്തുവന്നാലും നേരിടാമെന്ന ആത്മവിശ്വാസത്തിലേക്ക് എത്തുകയായിരുന്നു. ആദ്യമൊക്കെ അവനെന്താണ് പണി എന്ന് ചോദിക്കുന്നവരോട് അവന് ചെടി നടുകയാണെന്ന് എങ്ങിനെ പറയും എന്നതായിരുന്നു തുടക്കത്തിലെ ചിന്ത. എന്നാല്‍ ഇപ്പോള്‍ ധൈര്യമായി അഭിമാനത്തോടെ പറയും. ചെടി വളര്‍ത്തി വില്‍ക്കുന്ന ബിസിനസ്സാണെന്ന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: