കോഴിക്കോട് : നിയമവാഴ്ച അട്ടിമറിക്കാനായി എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ലൈഫ് മിഷന് തട്ടിപ്പിലും ഈ നീക്കമുണ്ടെങ്കിലും അത് വിജയിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കോഴിക്കോട് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ലൈഫ് മിഷന് കേസില്‍ കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം കിട്ടിയതില്‍ മുഖ്യമന്ത്രി അധികം ചിരിക്കേണ്ട. അഴിമതി പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സാധിക്കും. അവര്‍ക്ക് സത്യം തെളിയിക്കാന്‍ സാധിക്കും. ഒരു കോടതിയില്‍ നിന്ന് രക്ഷപെട്ടാലും മേല്‍കോടതികള്‍ക്ക് കാര്യം ബോധ്യപ്പെടും. ലാവ്ലിന് കേസില്‍ നിയമവാഴ്ചയെ അട്ടിമറിച്ചത് പോലെ ലൈഫ് മിഷന് കേസ് ഒതുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത്.
ലൈഫ് മിഷന് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ടത് സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യമാണ്. നിയമത്തിന്റെ വഴിയിലൂടെ ലൈഫ് മിഷന് അഴിമതി പുറത്തുകൊണ്ടുവരാനുള്ള നടപടികള്‍ കേന്ദ്ര ഏജന്‍സികള്‍ ഇനിയും തുടരും. പിണറായിവിജയനും സംസ്ഥാന സര്‍ക്കാരും നടത്തുന്ന എല്ലാ പ്രതിരോധങ്ങളും അതിജീവിച്ച് അഴിമതിക്കാരെ പുറത്തുകൊണ്ട് വരാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയും.
കുറ്റം ചെയ്ത ഒരാളെയും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഭരണകൂടത്തിന്റെ ഒത്താശയോടെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ലാവ്ലിന് കേസ് വിചാരണ കൂടാതെ വെറുതെവിട്ടത് നിയമവിദഗ്ധര്‍ അമ്പരപ്പോടെയാണ് കണ്ടത്. ഇത് ശരിയാണോയെന്ന ചോദ്യം ഇപ്പോഴും മുഴച്ചുനില്ക്കുന്നുണ്ട്. ലാവ്ലിന് കേസില്‍ എങ്ങനെയാണ് പിണറായി വിജയന് രക്ഷപ്പെട്ടതെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അത്തരം നീക്കം ഇനി വിജയിക്കില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: