കല്‍പ്പറ്റ: വിദ്യാഭ്യാസ മേഖലയില്‍ വനവാസി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആദിശക്തി സമ്മര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍. ഇത് സംബന്ധിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കുമെന്ന് ആദിശക്തി സമ്മര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലെ അവകാശങ്ങള്‍ സംരക്ഷിച്ച് കിട്ടാനും, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് അര്‍ഹരായ മുഴുവന്‍ ഗോത്ര വര്‍ഗ, എസ്സി വിദ്യാര്‍ഥികള്‍ക്കും സിറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെപ്തംബര്‍ 28ന് ബത്തേരി മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ വനവാസി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 20 ദിവസം പിന്നിട്ടു കഴിഞ്ഞു. ആദിവാസി ഗോത്രമഹാസഭയുടെയും മറ്റ് സംഘടനകളുടെയും പിന്തുണയോടെ തുടരുന്ന സമരം ഈ മാസം 31ന് കലക്ടറേറ്റിന് മുന്നിലേക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നിലേക്കും വ്യാപിപ്പിക്കും.
ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികാരികളുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമുണ്ടായില്ല. ഈ അവസരത്തിലാണ് എംപിക്ക് നിവേദനം നല്കാന് തീരുമാനിച്ചത്. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കു മാത്രമായി പ്രത്യേക ബാച്ച് അനുവദിക്കുക, ഡിഗ്രിപിജി അഡ്മിഷന് എസ് സി, എസ്ടി സംവരണം കൃത്യമായി പാലിക്കാന്‍ പ്രോസ്പെക്റ്റസുകളില് നടപടി ക്രമം ഉണ്ടാക്കാന്‍ യൂണിവേഴ്സിറ്റികള്‍ക്കും സ്വയംഭരണ കോളജുകള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് നല്‍കുക, വയനാട്ടിലെ നഗരങ്ങളില്‍ പോസ്റ്റ്മെട്രിക് ഹോസ്റ്റലുകള്‍ സ്ഥാപിക്കുക, ഇന്റര്‍വ്യൂവിനും മറ്റും ജില്ല വിട്ട് പോകുന്ന കുട്ടികള്‍ക്ക് ധനസഹായവും വാളണ്ടിയര്‍ സപ്പോര്‍ട്ടും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് അവര്‍ പറഞ്ഞു.
ഐടിഡിപിയില്‍ നിന്നു പോലും കടുത്ത അവഗണനയാണ് നേരിടുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്, വിദ്യാര്‍ഥികളായ ജി. ജിഷ്ണു, എം.കെ. കാവ്യ, പി.വി. രജനി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: