സുകു മരുതത്തൂര്‍
വെറ്റിലച്ചെല്ലത്തിനുള്ളില്‍ സ്ഫുരിക്കുന്ന
ഉറ്റബന്ധത്തിന്‍ കഥയൊന്നുചൊല്ലാം
ഒത്തിരികാലങ്ങള്‍ മുമ്പേ നടന്നൊരു
ഇഷ്ടാനുഭവത്തിന്‍ കഥയൊന്നു ചൊല്ലാം
നെയ്യാറിന്‍തീരത്തു നെയ്യാറ്റിന്‍കരയിലാ
നെയ്യുണ്ണി വാഴുന്ന കോവില്‍ തന്നില്‍
മധ്യാഹ്നനേരത്താകോവിലിന്‍ ചാരത്തു
എന്‍ ഗുരുനാഥനിരുന്നു മെല്ലെ
ഒത്തിരി കാര്യങ്ങള്‍ ചൊല്ലുന്ന കൂട്ടത്തില്‍
മറ്റൊരു കാര്യവും ചൊന്നു വേഗം
‘കൃഷ്ണ ഭഗവാന്റെ മുമ്പിലിരുന്നുഞാനി –
ത്തിരി ശ്ലോകം രചിച്ചുപോയി
*കൃഷ്ണകഥയായ ഭാഗവതത്തിനു
ഒക്കുമീ ശ്ലോകമിന്നേറെ ഭാഗ്യം ‘!
ധന്യമുഹൂര്‍ത്തമാനേരം കഴിയവേ
ഒന്നുരിയാടിയാമാന്യദേഹം
അല്പംപ്രയാസം കലര്‍ന്നുള്ള വാക്കുകള്‍
ശ്രദ്ധയാല്‍ ഞാനും ശ്രവിച്ചുനിന്നു.
‘കണ്ടില്ലയെന്റെയാ വെറ്റിലച്ചെല്ലത്തെ
ഉണ്ടോ അതെങ്ങാനും;കണ്ടിട്ടുണ്ടോ ? ‘
ഞാനും തെരഞ്ഞുവാവെറ്റിലച്ചെല്ലത്തെ
കോവില്‍പരിസരമാകെയന്നു.
കാണാതിരുന്നപ്പോളെന്‍ മനമോടിയാ
‘ഊരുട്ടുകാലായി’ ല്‍ പെട്ടെന്നപ്പോള്‍
‘മാധവിമന്ദിര’മേറെ പുകള്‍ കേട്ട
വീടാണു നാട്ടില്‍ സുപരിചിതം
ഗാന്ധിതന്‍ ശിഷ്യനാം ജി .രാമചന്ദ്രന്റെ
വീടന്നു കാണുവാന്‍ പോയകാര്യം
രാവിലെയെത്തിയാവീട്ടില്‍ ‘തപസ്യ’ തന്‍
അംഗങ്ങള്‍ക്കൊപ്പം അക്കിത്തവും
കാണാന്‍ കൊതിപൂണ്ട ഗേഹത്തിലിത്തിരി
നേരമിരുന്നതുമോര്‍ത്തുപോയി !
വെറ്റിലച്ചെല്ലമവിടെ മറന്നിട്ടു
കൃഷ്ണനെക്കാണാന്‍ വന്നതാണോ ?
സംശയമുള്ളിലുദിക്കവേ ഞാനന്നു
എത്തുവാന്‍ നോക്കിയാവീട്ടിലേയ്‌ക്കു.
പെട്ടെന്ന് ഞാനൊരു വാഹനമേറിയാ
‘മാധവി മന്ദിരം’ തന്നിലെത്തി
വീടിന്റെയുമ്മറ കോണതില്‍ കണ്ടു ഞാന്‍
നാടിന്റെ ‘പൈതൃകചെല്ല’ത്തിനെ !
ആമോദമേറെ മനസ്സില്‍ കയറ്റി ഞാന്‍
ആ ചെല്ലവും കൊണ്ടുടന്‍ കോവിലെത്തി
ആത്മസംതൃപ്തിയാല്‍ ‘വെറ്റിലച്ചെല്ല’ത്തെ-
യെന്‍ ഗുരു കൈകളിലേല്‍പ്പിച്ചു ഞാന്‍
സ്വായത്തമായൊരു പുഞ്ചിരിയേകിയാ
കാവ്യസാമ്രാട്ടാന്നു നിന്ന ചിത്രം !
ഓര്‍ത്തു മനസ്സില്‍ ഞാന്‍ സംതൃപ്തി നേടുന്നു.
ആ കാവ്യസൂര്യനെ പ്രണമിച്ചു നില്‍ക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: