ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയിലെ വന്‍കിട കൈയേറ്റം തിരിച്ചുപിടിക്കാന്‍ ആര്‍ജ്ജവം കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ അഭിനന്ദനം. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്, ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, എല്‍ആര്‍ തഹസില്‍ദാര്‍, സംഘത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവരെയാണ് ഫോണില്‍ ബന്ധപ്പെട്ട മന്ത്രി ഇന്നലെ പകല്‍ അഭിനന്ദിച്ചത്.
ഞായറാഴ്ചയാണ് വെള്ളൂക്കുന്നേല്‍ കുടുംബം അനധികൃതമായി കൈവശം വെച്ചിരുന്ന സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്ന അഞ്ചേക്കറോളം ഭൂമി റവന്യൂ സംഘം തിരിച്ച് പിടിച്ചത്. പിന്നാലെ കൈയേറ്റക്കാരന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് കോടതി തള്ളുകയായിരുന്നു. സര്‍ക്കാരിനെ സമീപിക്കാനാണ് നിര്‍ദേശം നല്‍കിയത്.
സബ് കളക്ടറുടെ റിപ്പോര്ട്ടിന്മേല് അടിയന്തരമായി ജില്ലാ കളക്ടര്‍ നടപടി എടുക്കാന്‍ ആവശ്യപ്പെടുകയും ശനി, ഞായര്‍ ദിവസങ്ങളായി സ്ഥലം ഏറ്റെടുക്കുകയുമായിരുന്നു. ഇതോടെ സര്‍ക്കാര്‍ കൈവശമായ ഭൂമിയില്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞ് കോടതിയും കൈയൊഴിയുകയായിരുന്നു. ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വെള്ളൂക്കുന്നേല്‍ ജിമ്മി സഖറിയ കൈവശം വെച്ചിരുന്ന 9.015 ഏക്കറില്‍ 5 ഏക്കര്‍ ഭൂമി കണ്ടുകെട്ടിയത്. ബാക്കി ഭൂമി കൂടി ഉടന്‍ ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: