കോട്ടയം : കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിന്റെ ഭാഗമായെങ്കിലും പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് ഉറപ്പിച്ച് എന്‍സിപി. പാല ഉള്‍പ്പടെയുള്ള നാല് സീറ്റുകള്‍ എന്‍സിപിയുടേതാണ്. ഇത് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് അറിയിച്ചു.
ജോസ് കെ. മാണി വിഭാഗം ഇടത് മുന്നണിയുടെ ഭാഗമായത് സംബന്ധിച്ച് ഇന്ന് കൊച്ചിയില്‍ എന്‍സിപി നേതൃയോഗം ചേരുന്നതിന് മുന്നോടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജോസ് കെ. മാണി വിഭാഗത്തിന് പാലാ സീറ്റ് എന്തുവന്നാലും വിട്ട് കൊടുക്കില്ലെന്ന് എന്‍സിപി നേരത്തേയും അറിയിച്ചിരുന്നു. ഇതാണ് വീണ്ടും ആവര്‍ത്തിച്ചത്.
പാലാ, കുട്ടനാട്, ഏലത്തൂര്‍ മണ്ഡലങ്ങളില്‍ എന്‍സിപി തന്നെ മത്സരിക്കും. മുന്നണി പ്രവേശന സമയത്ത് പാലാ സീറ്റ് നല്‍കുമെന്ന് ജോസ് കെ. മാണി വിഭാഗത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടോ എന്ന കാര്യം അറിയില്ല. യുഡിഎഫുമായി മാണി സി. കാപ്പന് ചര്‍ച്ചനടത്തിയെന്ന എം.എം. ഹസന്റെ പരമാര്‍ശത്തില്‍ മാണി സി. കാപ്പന് തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും പീതാംബരന് പറഞ്ഞു.
അതേസമയം പാലാ സീറ്റിന്റെ പേരില്‍ കടുത്ത നിലപാട് സ്വീകരിച്ച് സിപിഎമ്മുമായി അകലുന്നത് ബുദ്ധിയല്ലെന്നാണ് മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധി എ.കെ. ശശീന്ദ്രന്റെ അഭിപ്രായം. പാലാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കണമെന്ന് സിപിഎം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ ഇത്തരമൊരു ചര്‍ച്ച പോലും ഇപ്പോള്‍ വേണ്ടെന്നും ശശീന്ദ്രന് അറിയിച്ചു.
എന്നാല്‍ പാലാ സീറ്റിന്റെ പേരില്‍ എന്‍സിപിയില്‍ രണ്ട് ചേരിയുണ്ടെന്ന് സിപിഎം കരുതുന്നു. അതില്‍ കാപ്പന്റെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. എന്‍സിപിയിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റേയും ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: