വിവാദമാക്കേണ്ടതില്ല
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നം എന്തെന്ന് അറിയില്ല. വിവാദങ്ങളിലേക്ക് പോകേണ്ട ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി വളരെ കൃത്യമായി ഓപ്പണ്‍ യൂണിവേഴ്സിറ്റിയെ സബന്ധിച്ചു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിക്ക് സ്ഥിരം കെട്ടിടം ഉണ്ടാകും. അത് നഗരഹൃദയത്തില്‍ തന്നെ ആയിരിക്കും. .
എം. മുകേഷ് എം.എൽ.എ
ഗുരുദേവനെ അപമാനിക്കുന്നു
യുജിസിയുടെ അംഗീകാരംപോലും നേടാതെയാണ് സര്വകാലശാലയെന്ന പ്രഹസനത്തിന് സര്‍ക്കാര്‍ തയ്യാറായത്. ഹൈക്കോടതി നടത്തിയ പരാമര്‍ശം സംഗതി എത്രമാത്രം ഗൗരവമുള്ളതാണെന്ന് ഓര്‍മിപ്പിക്കുന്നു. വിദൂര സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഇങ്ങോട്ടേക്ക് മാറ്റരുതെന്നാണ് പരാമര്‍ശം. അതിനര്‍ഥം ഇപ്പോള്‍ സ്ഥാപിച്ച യൂണിവേഴ്സിറ്റിക്ക് നിയമപരിരക്ഷ ഇല്ല എന്നുതന്നെയാണ്. ഇതിന് ഉത്തരവാദി സര്‍ക്കാരാണ്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയനാടകമാണിത്. യുജിസി മാനദണ്ഡങള്‍ പാലിക്കാതെ ഗുരുദേവന്റെ പേരില്‍ തട്ടിക്കൂട്ട് പരിപാടികള്‍ നടത്തുന്ന സര്‍ക്കാര്‍ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. യുജിസി മാനദണ്ഡം ഇല്ലാത്ത ഒരാളെ വിസിയാക്കി നിയമിച്ചത് പേണ്ടാലും ഈ സര്‍വകലാശാല അട്ടിമറിക്കാനാണ്.
ബി. ബി. ഗോപകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ്
സര്‍ക്കാര്‍ സൃഷ്ടിച്ച വിവാദം
ഓപ്പണ്‍ സര്‍വകാലശാലയുടെ പേരില്‍ വിവാദങ്ങള്‍ക്ക് അവസരം ഉണ്ടാക്കിയത് സര്‍ക്കാരാണ്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതെ ധൃതി പിടിച്ച് സര്‍വകലാശാല ആരംഭിച്ചതിന് പിന്നില്‍ സര്‍ക്കാരിന് മറ്റെന്തോ ലക്ഷ്യം ഉള്ളതായി കരുതേണ്ടിവരുന്നു. ഇതിപ്പോള്‍ നിയമപ്രശ്നങ്ങള്‍ക്ക് പോലും വഴിവച്ചിരിക്കുകയാണ്. അതു സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നു. എസ്എന്‍ഡിപി യോഗത്തിന് ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ അവകാശം ഉണ്ട്.
അഡ്വ: ബിന്ദുകൃഷ്ണ, ഡിസിസി പ്രസിഡന്റ് കൊല്ലം
സര്‍ക്കാര്‍ മതതീവ്രവാദം വളര്‍ത്തുന്നു
ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തില്‍ തുടങ്ങിയ വിദ്യഭ്യാസ കേന്ദ്രത്തിന്റെ മറവില്‍ മത തീവ്രവാദം വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ മന്ത്രി കെ.ടി. ജലീലിന്റെ പങ്കുണ്ട്. യോഗ്യതയുള്ള എത്രയോ ആളുകള്‍ ഉള്ളപ്പോഴാണ് യുജിസി മാനദണ്ഡം പോലും നോക്കാതെ ഒരാളെ കെട്ടിയിറക്കിയതെന്ന് ഓര്‍ക്കണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് യാതൊരു മുന്നൊരുക്കവും കൂടാതെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ആരംഭിച്ചത്. പൊതുസമൂഹം ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് പ്രതികരിക്കണം.
ഇതിന്റെ മറവില്‍ നടക്കുന്ന നിയമനങ്ങള്‍ പോലും അഴിമതിയുടെ നിഴലിലാണ്. സര്‍വകലാശാലയുടെ ആസ്ഥാനം എവിടെയാണെന്ന് അറിയില്ല. കുട്ടികളുടെ ഭാവി ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ ദുരൂഹത നിറഞ്ഞതാണ് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനം.
തെക്കടം സുദര്ശനന്, സംസ്ഥാന സെക്രട്ടറി ഹിന്ദു ഐക്യവേദി
രാഷ്ട്രീയനേട്ടത്തിന് ഗുരുനാമത്തെ ഉപയോഗിക്കരുത്
ഗുരുദേവനാമത്തില്‍ തുടങ്ങിയ ഒരു പ്രസ്ഥാനം തുടക്കം മുതല്‍ പ്രശ്നങ്ങളിലേക്ക് പോകുന്നത് ശരിയല്ല. രാഷ്ട്രീയലാഭത്തിന് വേണ്ടി ഗുരുദേവനെ ഉപയോഗപ്പെടുത്തരുത്. ജാതി, മത ചിന്തകള്‍ക്ക് അതീതമായി ശ്രീനാരായണീയ സമൂഹത്തിന് മുഴുവന്‍ വിഷമം ഉളവാക്കുന്ന ഒന്നാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കൃത്യമായ ആലോചനകളോ മുന്നൊരുക്കങ്ങളോ ആവശ്യമാണെന്നിരിക്കെ പേരിന് ഒരു ഉദ്ഘാടനം നടത്തി വിവാദങ്ങളിലേക്ക് ഗുരുദേവന്റെ പേര് വലിച്ചിഴച്ചിരിക്കുന്നു. കുട്ടികളുടെ ഭാവിക്കുപോലും പ്രശ്നം ഉണ്ടാകുന്ന കാര്യങ്ങള്‍ ഗൗരവത്തില്‍ തന്നെ സര്‍ക്കാര്‍ എടുക്കണമായിരുന്നു
ഡോ. ജി. ജയദേവന്, എസ്എന്‍ഡിപി, കുണ്ടറ താലൂക്ക് യൂണിയന് പ്രസിഡന്റ്
തികച്ചും രാഷ്ട്രീയപ്രേരിതം
ജാതിമത ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ച മഹാപുരുഷന്റെ നാമധേയത്തില്‍ തുടങ്ങിയ സര്‍വകാലശാല വിവാദങ്ങളിലെത്തിക്കുകയല്ല വേണ്ടിയിരുന്നത്. ഹിന്ദു സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ പേരില്‍ ഒരു യൂണിവേഴ്സിറ്റി ആരംഭിച്ചപ്പോള്‍ ഇവിടുത്തെ മുഴുവന്‍ ഹിന്ദുസമുദായ നേതൃനിരയെക്കൂടി ഉള്‍പ്പെടുത്തണമായിരുന്നു. എന്നാല്‍ ഉദ്ഘാടനം പോലും അങ്ങനെയല്ല നടന്നത്. തികഞ്ഞ രാഷ്ട്രീയമായി പോയി. അതിന് പണ്ടിന്നില്‍ എന്തോ ലക്ഷ്യം ഉള്ളത് പേണ്ടാലെ. ഇനിയെങ്കിലും സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്താന്‍ തയ്യാറാകണം.
സി.കെ. സുകുമാരന്‍, കെപിഎംഎസ് കൊല്ലം താലൂക്ക് യൂണിയന് സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: