തൊടുപുഴ: ടെലിവിഷനിലെ ഓണ്‍ലൈന്‍ ഷോപ്പിങ് കണ്ട് ടാബ്ലറ്റ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് പഴയത്. പുറപ്പുഴ സ്വദേശിയായ ടി.കെ. ശശിയാണ് മകന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുവേണ്ടി ഓഗസ്റ്റ് 15ന് ടിവിയില്‍ കണ്ട ഓണ്‍ലൈന്‍ ഷോപ്പിങ് ചാനലില്‍ ടാബ്ലറ്റ് ബുക്ക് ചെയ്തത്. ഇതിനായി മൂവായിരത്തി തൊള്ളായിരം രൂപയും സര്‍വ്വീസ് ചാര്‍ജായി 400 രൂപയും നല്കി. പത്ത് ദിവസത്തിനുള്ളില്‍ ഓര്‍ഡര്‍ ലഭിക്കുമെന്നായിരുന്നു എറണാകുളത്ത് നിന്നും ചാനലിന്റെ കസ്റ്റമര്‍കെയറില്‍ നിന്നും വിളിച്ചപ്പോള്‍ ലഭിച്ച വിവരം.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ടാബ്ലറ്റ് ലഭിച്ചു. എന്നാല്‍ ആരോ ഉപയോഗിച്ചതും തീര്‍ത്തും മോശമായതുമായ ഉപകരണമാണ് ശശിക്ക് ലഭിച്ചത്. ഇത് സംബന്ധിച്ച് കസ്റ്റമര്‍ കെയര്‍ സെന്ററില്‍ വിളിച്ചപ്പോള്‍ ഉപകരണത്തിന്റെ ഫോട്ടോ എടുത്ത് നല്കാന് ആവശ്യപ്പെട്ടു.
നോയ്ഡയിലെ പ്രധാന ഓഫീസില്‍ അറിയിക്കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് കസ്റ്റമര്‍ കെയറുകാരുടെ ഭാഗത്ത് നിന്നും അനുയോജ്യമായ പ്രതികരണമല്ല ലഭിച്ചത്. ദിവസങ്ങളോളം കാത്തിരുന്നിട്ടും കമ്പനിയുടെ ഭാഗത്ത് നിന്നും യാതൊരുവിധ പ്രതികരണങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ സമീപിച്ചു. എന്നാല്‍ പരാതി നിലനില്‍ക്കില്ലെന്ന പ്രതികരണമാണ് ശശിക്ക് ലഭിച്ചത്.
റബര്‍ ടാപ്പിങിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് ശശിയും കുടുംബവും കഴിഞ്ഞ് പോകുന്നത്. ഇനി ആരോട് പരാതിപ്പെടണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: