പാലക്കാട്: മഹാകവി അക്കിത്തം അന്തരിച്ചു.കേരളത്തിന്റെ സാംസ്കാരികരംഗത്ത് രൂപംകൊണ്ട അധികാരകേന്ദ്രങ്ങളെ കൂസാത്ത നിസ്വന്റെ പ്രതികരണങ്ങളാണ് മഹാകവി അക്കിത്തത്തിന്റെ കവിതകളുടെ തന്റേടമായി വിലയിരുത്തപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ കേരളത്തെ ആകെ തിരുത്തുകയായിരുന്നു കവി.
എഴുത്തുകാരന്റെ ചേരി സര്‍ഗാത്മകതയുടേതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ സാംസ്കാരിക തീര്‍ത്ഥയാത്ര മഹാകവിയിലെ സാമൂഹ്യ സാംസ്കാരിക നായകന്റെ തിരനോട്ടമായിരുന്നു. പക്ഷമില്ലാത്തവന്റെ പക്ഷം ഉയര്‍ത്തിപ്പിടിച്ച രചനകളും നിലപാടുകളും കാരണം പലപ്പോഴും പലരും അവഗണിക്കാന്‍ പരിശ്രമിച്ചിട്ടും അക്കിത്തം പ്രതിഭ കൊണ്ട് പ്രശസ്തിയുടെ ഹിമാലയം താണ്ടി.
ശ്രീമത് ഭാഗവതത്തെ മലയാളത്തിലേക്ക് പകര്‍ത്തി വായനക്കാരന് സമര്‍പ്പിച്ച മലയാള സാഹിത്യത്തിലെ ഇതിഹാസത്തിനാണ് ഇക്കുറി ജന്മഭൂമി പുരസ്കാരം. പത്മശ്രീ, മൂര്‍ത്തീദേവി പുരസ്കാരം, എഴുത്തച്ഛന് പുരസ്കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സഞ്ജയന് പുരസ്കാരം, വയലാര്‍, വള്ളത്തോള്‍, ആശാന് അവാര്‍ഡുകള്‍ ഓടക്കുഴല്‍ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ മഹാകവിയെ തേടിയെത്തിയിട്ടുണ്ട്.
ഭാര്യ: പരേതയായ ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്.പ്രശസ്ത ചിത്രകാരന് അക്കിത്തം നാരായണന് സഹോദരനാണ്
അമേറ്റൂര് അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്. വേദവും ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. എട്ടുവയസ്സുമുതല്‍ കവിതയെഴുതുമായിരുന്നു. കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും താല്പര്യം കാട്ടിയിരുന്നു. കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂര്‍ മംഗളോദയം പ്രസില്‍നിന്ന് പുറത്തിറങ്ങിയിരുന്ന ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമായി.
യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിരുന്നു. 1985 ല്‍ വിരമിച്ചു.
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരകസമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ, തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ്, കടവല്ലൂർ അന്യോന്യ പരിഷത് പ്രസിഡന്റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: