പന്തളം: ഈ വര്‍ഷത്തെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നതിനായി കൗഷിക് കെ. വര്‍മ്മയെയും ഋഷികേശ് വര്‍മ്മയെയും തിരഞ്ഞെടുത്തു. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘത്തിന്റെ തീരുമാനം വലിയ തമ്പുരാന് രേവതിനാള് പി. രാമവര്‍മ്മരാജ അംഗീകരിച്ചു.ശബരിമല മേല്‍ശാന്തിയെ കൗഷിക് വര്‍മ്മയും മാളികപ്പുറം മേല്‍ശാന്തിയെ ഋഷീകേശ് വര്‍മ്മയും തിരഞ്ഞെടുക്കും.
പന്തളം വിലയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബര്‍ 16നു കുട്ടികള്‍ ശബരിമലയ്ക്കു പുറപ്പെടും. ഉച്ചയോടെ തിരുവാഭരണ മാളികയ്ക്കു മുമ്പില്‍ വച്ചു കെട്ടുനിറച്ചു വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷമായിരിക്കും രക്ഷിതാക്കള്‍ക്കും കൊട്ടാരം നിര്‍വ്വാഹക സംഘം ഭാരവാഹികള്‍ക്കുമൊപ്പമുള്ള മലയാത്ര.
2011ലെ സുപ്രീം കോടതി വിധി പ്രകാരമാണ് പന്തളം വലിയ തമ്പുരാന് നിര്‍ദേശിക്കുന്ന കുട്ടികള്‍ മേല്‍ശാന്തിമാരെ നറുക്കെടുത്തു തുടങ്ങിയത്. മുന്‍കാലങ്ങളില്‍ കൊട്ടാരത്തില്‍ നിന്നുള്ള 10 വയസ്സില്‍ താഴെയുള്ള കുട്ടികളായിരുന്നു മേല്‍ശാന്തിമാരെ നറുക്കെടുത്തിരുന്നത്. മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുത്തിരുന്നതു പെണ്‍കുട്ടികളും. കോവിഡ് മാനദണ്ഡമനുസരിച്ചു 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു ശബരിമല യാത്രയില്‍ വിലക്കുള്ളതിനാലാണ് ഇപ്രാവശ്യമുണ്ടായിട്ടുള്ള മാറ്റം. ആചാരമനുസരിച്ചു 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്കു മല ചവിട്ടാന്‍ വിലക്കുള്ളതിനാലാണു മാളികപ്പുറം മേല്‍ശാന്തിയെ ഋഷികേശ് നറുക്കെടുക്കുന്നത്.
പന്തളം നാലുകെട്ട് കൊട്ടാരത്തില്‍ കേരളവര്‍മ്മയുടെയും പള്ളം കൊട്ടാരത്തില്‍ സീതാലക്ഷിയുടെയും മകനാണു കൗഷിക്. പന്തളം എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളില്‍ 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. പന്തളം മുണ്ടയ്ക്കല്‍ കൊട്ടാരത്തില്‍ അനൂപ് വര്‍മ്മയുടെയും എറണാകുളം മംഗള മഠത്തില്‍ പാര്‍വ്വതി വര്‍മ്മയുടെയും മകനായ ഋഷികേശ് എറണാകുളം ഭവന്‍സ് വിദ്യാമന്ദിറില്‍ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: