ചേര്‍ത്തല: ഓപ്പണ്‍ സര്‍വ്വകലാശാലയിലെ വിസി നിയമനത്തെ ചൊല്ലിയുണ്ടായ വിവാദത്തില്‍ ജനങ്ങള്‍ പ്രതികരിക്കട്ടെയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട ഓപ്പണ്‍ സര്‍വകലാശാലയുടെ തലപ്പത്ത് ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിച്ചയാളെ നിയമിക്കാതെ ഇടതുസര്‍ക്കാര്‍ തങ്ങളുടെ കണ്ണില്കുത്തിയെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ സിപിഐ പത്രം ജനയുഗത്തിലും, മുസ്ലീം ലീഗ് പത്രം ചന്ദ്രികയിലും മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. വിഷയത്തില്‍ പ്രതികരിക്കാനില്ല, തന്റെ അഭിപ്രായം ജനങ്ങള്‍ ഉള്‍ക്കൊണ്ടതിന് തെളിവാണ് പത്രങ്ങളുടെ മുഖപ്രസംഗങ്ങളിലൂടെ പുറത്തുവന്നത്. അതില്‍ സന്തോഷമുണ്ടെന്നും ഇനി ജനങ്ങളാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി ഡോ.പി.എം. മുബാരക് പാഷയെ നിയമിച്ചതിനെതിരെ വെള്ളാപ്പള്ളി നേരത്തെ പ്രതികരിച്ചിരുന്നു. . പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍നിന്നു ആട്ടിയകറ്റുന്ന പതിവാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആവര്‍ത്തിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ശ്രീനാരായണീയ ദര്‍ശനം ആഴത്തില്‍ പഠിക്കുകയും ഗുരുദേവനെ ഹൃദയപൂജ നടത്തുകയും ചെയ്യുന്ന നിരവധിപേര്‍ ഇടതുപക്ഷസഹയാത്രികരായി ഉണ്ടായിട്ടും അവരെയൊന്നും പരിഗണിക്കാതെ മലബാറില്‍ പ്രവര്‍ത്തിക്കുകയും പ്രവാസിയായി ജോലി ചെയ്യുകയും ചെയ്യുന്നയാളെ നിര്‍ബന്ധിച്ചു കൊണ്ടുവന്നു വിസി ആക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ വാശി കാണിച്ചത് എന്തിനെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ഉന്നത വിദ്യാഭ്യാസമന്ത്രിയ്ക്ക് ഇക്കാര്യത്തിലുള്ള ചേതോവികാരം കേരളത്തിലെ മതേതര ചിന്തകള്‍ക്ക് മുറിവേല്‍പ്പിച്ചെന്നും നവോത്ഥാനം മുദ്രാവാക്യമായി കൊണ്ടു നടന്ന സംസ്ഥാന സര്‍ക്കാര്‍ ജലീലിന്റെ വാശിക്ക് കീഴടങ്ങിയെന്നും ന്യൂനപക്ഷങ്ങളും സംഘടിത മതശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്കാരമാകരുത് ഇടതുപക്ഷത്തിന്റേതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: