മട്ടാഞ്ചേരി: കറുത്ത ജൂതന്മാരുടെ പള്ളി നവീകരണം ജനം തടഞ്ഞു. കൊച്ചി നഗരസഭയുടെ അനുമതിയോ, ഉടമയില്‍ നിന്നുള്ള കൈമാറ്റമോ നടത്താതെ നവീകരണം നടത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നവീകരണം തടസപ്പെടുത്തിയത്. ജൂതപള്ളി നിലനിന്നിരുന്ന സ്ഥലം സ്വക്വാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും സര്‍ക്കാര്‍ ചെലവില്‍ നവീകരണം നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമുയര്‍ന്നത്.
കെട്ടിടത്തിന്റെ നാലു ഭാഗത്തും കോണ്‍ക്രീറ്റ് തുണുകള്‍ കെട്ടുന്നത് കണ്ടതോടെ തടസവുമായി നാട്ടുകാര്‍ എത്തി. പൈതൃക സംരക്ഷണത്തിന്റെ മറവില്‍ പുതിയ കെട്ടിടമാണ് നിര്‍മിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടമയില്‍ നിന്ന് കൈമാറ്റം ചെയ്ത രേഖ, നഗരസഭ പാസാക്കിയ പ്ലാന്‍ എന്നിവ ആവശ്യപ്പെട്ടപ്പോള്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ മൗനം പാലിച്ചെന്നാണ് ആരോപണം.
നിര്‍മാണം തുടങ്ങുന്നത് സംബന്ധിച്ച് സ്ഥലം കൗണ്‍സിലറിനെയും അറിയിച്ചിട്ടില്ല. പുരാവസ്തു വകുപ്പിന്റെയോ സര്‍ക്കാരിന്റെ ഉടമസ്ഥതയില്ലാതെ സ്വകാര്യവ്യക്തിയുടെ കൈവശമുള്ള കെട്ടിടം എങ്ങനെ പൊതുഫണ്ട് ഉപയോഗിച്ച് നവീകരിക്കുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കൗണ്‍സിലര്‍ ടി.കെ. അഷറഫ് സ്ഥലത്തെത്തി ജോലിക്കാരെ മടക്കി അയച്ചു. കഴിഞ്ഞ ദിവസം ഇത് സംബന്ധമായ ഏറ്റെടുക്കല്‍ ഫയല്‍ കൊച്ചി നഗരസഭയില്‍ എത്തിയെങ്കിലും വിശദമായ അന്വേഷണത്തിനായി മാറ്റി വെക്കുകയായിരുന്നുവെന്ന് കൗണ്‍സിലര്‍ ടി.കെ. അഷറഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: