പള്ളുരുത്തി: രണ്ടര വര്‍ഷം മുമ്പ് തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ കായലില്‍ ചാടി മുങ്ങി താഴ്ന്ന യുവതിയെ രക്ഷപെടുത്തിയ യുവാവിന് കേന്ദ്ര സര്‍ക്കാരിന്റെ ജീവന് രക്ഷാ പതക് അവാര്‍ഡ് സമ്മാനിച്ചു. ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം രൂപയാണ് അവാര്‍ഡ് തുക. 2018 ഫെബ്രുവരി 27 പുലര്‍ച്ചെ 12.30നാണ് കുമ്പളങ്ങി കല്ലഞ്ചേരി വേലശേരി വീട്ടില്‍ ജീവന് ആന്റണി തോപ്പുംപടി കായലില്‍ മുങ്ങി താഴ്ന്ന പതിനാറുകാരിയായ പള്ളുരുത്തി സ്വദേശിനിയെ രക്ഷപെടുത്തിയത്.
തോപ്പുംപടിയിലെ ഒരു ഹോട്ടലില്‍ ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ജീവനും സുഹൃത്ത് കാമിലും കൂടി ബൈക്കില്‍ ഹാര്‍ബര്‍ പാലത്തിലൂടെ വരുമ്പോഴാണ് പാലത്തില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടത്. നോക്കുമ്പോള്‍ യുവതി കായലില്‍ മുങ്ങി താഴുന്നതാണ് കണ്ടത്. ഇതോടെ കായലില്‍ ഇറങ്ങി നീന്തി ചെന്ന് യുവതിയെ രക്ഷപെടുത്തുകയായിരുന്നു. ജീവനുള്ള പുരസ്കാരം കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസ്, പഞ്ചായത്ത് പ്രസിഡന്റ് മാര്ട്ടിന് ആന്റണി, ബ്ളോക്ക് പഞ്ചായത്തംഗം നെല്സന് കോച്ചേരി എന്നിവര്‍ വസതിയിലെത്തി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: