തൃശൂര്‍: കോര്പ്പറേഷന് കൗണ്‍സില്‍ യോഗം ഓണ്‍ലൈനില്‍ നടത്തുന്നത് അഴിമതി നിറഞ്ഞ അജണ്ടകള്‍ എതിര്ക്കാതിരിക്കാനാണെന്ന് ആരോപണം. ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗം പ്രഹസനമാണെന്നും അഴിമതി നിറഞ്ഞ പല അജണ്ടകളും വായിക്കാതെയും ചര്‍ച്ച ചെയ്യാതെയും വിടുകയാണ് ചെയ്യുന്നതെന്നും ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചു.
ഇന്നലെ നാല് മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ യോഗത്തില്‍ സാങ്കേതിക തടസങ്ങള്‍ മൂലം പല കൗണ്‍സിലര്‍മാര്‍ക്കും പങ്കെടുക്കാനായില്ല. പങ്കെടുത്തവര്‍ക്ക് സംസാരിക്കാനുള്ള സമയം പോലും അനുവദിച്ചില്ലെന്നും കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. കൗണ്‍സില്‍ യോഗം ഓണ്‍ലൈനായി നടത്തുമ്പോഴുള്ള ശബ്ദ-ദൃശ്യ സാങ്കേതിക പോരായ്മകള്‍ തീര്‍ക്കണമെന്നും ആദ്യ കൗണ്‍സില്‍ യോഗത്തില്‍ തന്നെ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മേയര്‍ ഇതിന് പോലും തയ്യാറായില്ലെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
തങ്ങളുടെ പ്രദേശത്തെ കാര്യങ്ങള്‍ പറയാനോ, ചര്‍ച്ച ചെയ്യാനോ മേയര്‍ വിസമ്മതിക്കുകയാണ്. മേയറുടെ നടപടിയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്കടക്കം വിയോജിപ്പുണ്ട്. 70 അജണ്ടകളാണ് ഇന്നലെ കൗണ്‍സില്‍ യോഗത്തിലുണ്ടായിരുന്നത്. നാല് മണിക്കൂറിനുള്ളില്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്യാതെ തന്നെ പാസാക്കി. അജണ്ടകള്‍ ചര്‍ച്ച ചെയ്യാതെ പാസാക്കിയതിനെതിരെ വിയോജനക്കുറിപ്പ് നല്‍കുമെന്ന് ബിജെപി കൗണ്‍സിലര്‍ കെ.മഹേഷ് പറഞ്ഞു.
നഗരത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ള വിതരണത്തില്‍ മാസങ്ങളായി തുടരുന്ന പാളിച്ചകളും അപാകതകളും ജലക്ഷാമവും പരിഹരിക്കാന്‍ മേയര്‍ അടിയന്തരമായി ഇടപെടണമെന്ന് കോര്പ്പറേഷന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.എസ് സമ്പൂര്‍ണ്ണ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ഡിവിഷനുകളില്‍ കത്താത്ത തെരുവ് വിളക്കുകള്‍ നന്നാക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നഗരസഭയിലെ ആരോഗ്യവിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡിഎല്‍ആര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ബിജെപി കൗണ്‍സിലര്‍ കെ.മഹേഷ് ആവശ്യപ്പെട്ടു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ശമ്പളം പോലും കൃത്യമായി ലഭിക്കുന്നില്ല. ഇവരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് മഹേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: