വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രോഗഭീതികളില്‍ ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് വീണ്ടുവിചാരമില്ലാതെസര്ക്കാര് ഏകപക്ഷീയമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ചില നിയന്ത്രണങ്ങളോടെ ശബരിമലയിലേക്ക് ഭക്തജനങ്ങളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയ്ക്കായി സുപ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുകയാണ്.
യോഗത്തില്‍ സ്വാമി ചിദാനന്ദപുരി,സ്വാമി സത്സ്വരൂപാനന്ദസരസ്വതി, സ്വാമി വിവിക്താനന്ദസരസ്വതി, സ്വാമി ജ്ഞാനാമൃതാനന്ദപുരി, സ്വാമി പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍, സ്വാമി നിത്യാനന്ദ, സ്വാമി അയ്യപ്പദാസ്, ശ്രീമൂലംതിരുനാള്‍ പി.ആര്. ശശികുമാരവര്‍മ്മ, രാജേഷ്കളരിയില്, ആലങ്ങാട്ടു യോഗം, ഹരി, അമ്പലപ്പുഴ യോഗം, എസ്. സേതുമാധവന്, കുമ്മനം രാജശേഖരന്, എ.ആര്. മോഹനന്, വി.കെ.വിശ്വനാഥന്, എസ്.ജെ.ആര്. കുമാര്‍, ഈറോഡ് രാജന്, അക്കീരമണ്കാളിദാസന് ഭട്ടതിരിപ്പാട്, ഇ.എസ്. ബിജു, വി.ആര്. രാജശേഖരന്, എം.കെ. അരവിന്ദാക്ഷന്, ടി.യു. മോഹനന്, ടി.കെ. കുട്ടന്, എസ്. വിനോദ്കുമാര്‍, അഡ്വ. സന്ദീപ്, അയ്യപ്പദാസ്, അഖിലഭാരത അയ്യപ്പ ധര്‍മ്മ പ്രചാര സഭ എന്നിവര്‍ പങ്കെടുത്തു.
- ശബരിമലയുടെയും തീര്‍ത്ഥാടകരുടെയും പൂജാരിമാരുടെയും, ദേവസ്വം ജീവനക്കാരുടെയും, സുരക്ഷാഉദ്യോഗസ്ഥന്മാരുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും, സുരക്ഷയും ആരോഗ്യവും ഉറപ്പാക്കിക്കൊണ്ടായിരിക്കണം മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടത്.
- കോവിഡ്-19 മഹാമാരിയുടെ ഭീതിദമായ വ്യാപനം അനുദിനം ശക്തിപ്പെട്ടുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍, സാമൂഹ്യ വ്യാപനം നിയന്ത്രിക്കാന്‍ കേരളത്തില്‍ 144 പോലും പ്രഖ്യാപിക്കേണ്ടി വന്ന പശ്ചാത്തലത്തില്‍, തീര്‍ത്ഥയാത്രയ്ക്കും ദര്‍ശനത്തിനും
- സ്വാഭാവികമായും ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ അയ്യപ്പന്മാരുടെ സുരക്ഷയെ ബാധിക്കും. അടുത്തുവരുന്ന ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ചു ദേവസ്വം ബോര്‍ഡും സര്‍ക്കാരും കൈക്കൊണ്ട എല്ലാതീരുമാനങ്ങളും പുനഃപരിശോധിക്കണം.
- ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ക്ഷേത്രം തന്ത്രിയുമായോ, പന്തളം രാജപ്രതിനിധിയുമായോ, ഹൈന്ദവ സംഘടനകളുമായോ ഭക്തജന സംഘടനകളുമായോ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാതെ മന്ത്രിമാരും ഗവണ്മെന്റ് സെക്രട്ടറിമാരും കൂടി തീരുമാനമെടുത്തു നടപ്പാക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഏതെങ്കിലും വിഷയത്തില്‍ കൃത്യമായ ഒരു ഉപദേശം ലഭ്യമാക്കാന്‍ വിദഗ്ദ്ധസമിതികളെ രൂപീകരിക്കുന്നത് സാധാരണസര്ക്കാരുകള് ചെയ്യാറുള്ളതാണ്. ഇത്തരം സമിതിയില്‍ അതുമായി ബന്ധപ്പെട്ട വിദഗ്ദ്ധന്മാരെയാണ് ഉള്‍പ്പെടുത്തുക. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഗവണ്മെന്റ് സെക്രട്ടറിമാര്‍ക്ക് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് വ്യക്തമാക്കണം.
- 1949 മെയ് 27ന് ഭാരത സര്ക്കാരുംതിരുവിതാംകൂര് മഹാരാജാവുമായി ഒപ്പുവെച്ച കരാര്‍ പ്രകാരവും പിന്നീട് ഭരണഘടന വഴി നിയമസാധുതയും ലഭിച്ച കവനന്റ് പ്രകാരം സ്ഥാപിതമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിന്സ്വതന്ത്രമായി ഭരണം നടത്താന്‍ അവകാശപ്പെട്ട ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരും മന്ത്രിമാര്‍ പ്രത്യേകിച്ചും അനാവശ്യമായി കൈകടത്തുന്നതും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും തികച്ചും നിയമ വിരുദ്ധമായ നടപടിയാണ്.
- മറ്റ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആ വിഭാഗത്തില്‍പ്പെട്ട പ്രമുഖന്മാരുമായും നേതാക്കന്മാരുമായും ചര്‍ച്ച നടത്താറുണ്ട്. അവരുടെ ആരാധനാലയങ്ങളുടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഒഴിവാക്കി അവര്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയുമാണ് ചെയ്യുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇത് മതനിരപേക്ഷസര്ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടാണ്. ഇത് മാറിയേ മതിയാകൂ.
- പരമ വിശിഷ്ഠമായ നെയ്യഭിഷേകവും പമ്പാ സ്നാനവും മറ്റ് ആചാരാനുഷ്ഠാനങ്ങളും ലംഘിച്ചു കൊണ്ട് സാമ്പത്തിക സമാഹരണം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന തീര്‍ത്ഥാടനം, മുമ്പ് സുപ്രീം കോടതി വിധിയുടെ പേരില്‍ നടത്താന്‍ ശ്രമിച്ച ആചാര ലംഘനം ഇപ്പോള്‍ കോവിഡ് – 19ന്റെ മറവില്‍ നടപ്പിലാക്കാനുളള ഒരു ശ്രമം കൂടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
- കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും ആളുകളെ മല കയറ്റിവിടാന്‍ അധികൃതര്‍ നടത്തുന്ന ശ്രമങ്ങള്‍ ആപല്‍ക്കരമാണ്. അയ്യപ്പന്മാരുടെയും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് മറ്റു പ്രവര്‍ത്തകരുടെയും ആരോഗ്യത്തെയും ജീവനെയും പ്രതികൂലമായി ബാധിക്കുന്ന ഗൗരവമേറിയ ഇത്തരം തീരുമാനങ്ങളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തയ്യാറാകണം.
- നിയന്ത്രണങ്ങള്‍ വെച്ചുകൊണ്ട് പരമ്പരാഗതമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ അനുസരിച്ച് ഭക്തജനങ്ങള്‍ക്ക് ശബരിമല തീര്‍ത്ഥാടനം നടത്താന്‍ സാധ്യമല്ല. സര്‍ക്കാര്‍ ഏകപക്ഷീയമായി ഇപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ തീര്‍ത്ഥാടനത്തിന്റെ പവിത്രതയെ തന്നെ പ്രതികൂലമായി ബാധിക്കും. ഭക്തജനങ്ങളെ സംബന്ധിച്ച് സാധാരണ ഒരു ക്ഷേത്ര ദര്‍ശനത്തിനുള്ള യാത്ര പോലെയല്ല ശബരിമല തീര്‍ത്ഥയാത്ര. അയ്യപ്പമുദ്രയുള്ള മാലധരിച്ച് വ്രതശുദ്ധിയോടെ പരമ്പരാഗതമായ ചിട്ടവട്ടങ്ങളോടുകൂടി അയ്യപ്പന് അഭിഷേകം ചെയ്യാനുള്ള നെയ്യ് നിറച്ച നെയ്ത്തേങ്ങ ഉള്‍പ്പെടുന്ന ഇരുമുടിക്കെട്ടുമായി ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ ഒരുമിച്ചുള്ള ഒരു തീര്‍ത്ഥയാത്രയാണ് അയ്യപ്പന്മാര് നടത്തുന്നത്. പമ്പാസ്റ്റാനവും ബലിതര്‍പ്പണവും നടത്തി മല കയറി പതിനെട്ടാംപടി ചവുട്ടി അയ്യപ്പനെ ദര്‍ശിക്കുന്ന ഭക്തനെ സംബന്ധിച്ച് ഇരുമുടിക്കെട്ടിലുള്ള നെയ്യ് വിഗഹത്തില്‍ അഭിഷേകം ചെയ്ത് അത് പ്രസാദമായി തിരികെ സ്വീകരിക്കുക എന്നുള്ളതാണ് തീര്‍ത്ഥാടനത്തിന്റെ മുഖ്യ വഴിപാട്. ഈ വഴിപാട് നടത്താതെയുള്ള ശബരിമല തീര്‍ത്ഥാടനം അപൂര്‍ണ്ണമായിരിക്കും.
- ബഹുഭൂരിപക്ഷം ഗുരുസ്വാമിമാരും കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവേശനത്തിന് അനുവദിക്കപ്പെട്ട ഉയര്‍ന്ന പ്രായപരിധിക്ക് മുകളിലുളളവരാണ്. അതുകൊണ്ടുതന്നെ ഗുരുസ്വാമിമാരോടൊപ്പം തീര്‍ത്ഥാടനം നടത്തുന്ന പല അയ്യപ്പന്മാര്ക്കും ഇത് തീര്‍ത്ഥയാത്രയ്ക്കുള്ള പ്രതിബന്ധമാകും.
- കോവിഡ്മാനദണ്ഡങ്ങള് പാലിക്കുന്നതിന്റെ ഭാഗമായി മാസ്ക് ധരിച്ചുകൊണ്ട് മല കയറുന്നത് ഏതൊരു അയ്യപ്പനെ സംബന്ധിച്ചും കടുത്ത ആരോഗ്യ പ്രശ്നം സൃഷ്ടിക്കാവുന്ന ഒന്നാണ്. മാസ്ക് ധരിച്ചുകൊണ്ട് മല കയറുവാന്‍ സാധിക്കുമോ എന്നുതന്നെ സംശയമാണ്.
- സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മല കയറുന്നതും ഇറങ്ങുന്നതും പതിനെട്ടാംപടി കയറുന്നതും സോപാനത്ത് ദര്‍ശനം നടത്തുന്നതുമെല്ലാം പ്രായോഗികമാണോ.
- തന്ത്രിക്കും,പുറപ്പെടാശാന്തിമാരായ മേ ല്ശാന്തിമാര്ക്കും, മറ്റ് പൂജാരിമാര്‍ക്കും, ജീവനക്കാര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിമാരായ നമ്പിമാര്ക്കുണ്ടായ അനുഭവം മുന്നിലുണ്ട്. ശബരിമല ക്ഷേത്രത്തില്‍ അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായാല്‍ നട അടച്ചിടേണ്ട സാഹചര്യമുണ്ടാകും. ഹൈന്ദവ ദേവാലയങ്ങളില്‍ ദര്ശനത്തേക്കാള് പ്രാധാന്യം പൂജയ്ക്കാണ് എന്ന കാര്യം ഇവിടെ പ്രസക്തമാണ്.
- ആയാസകരമായ മലകയറ്റം കഴിഞ്ഞ് സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാരെ വിരിവെക്കാന്‍ പോലും അനുവദിക്കാതെ ഉടന്‍ മടക്കി അയയ്ക്കുന്നത് ക്രൂരവും അയ്യപ്പന്മാരുടെ ആരോഗ്യത്തെ ബാധിക്കുന്നതുമാണ്.
- ആചാര്യശ്രേഷ്ഠര്‍, തന്ത്രിമുഖ്യര്‍, പന്തളം കൊട്ടാരം, ആചാരങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രസ്ഥാനങ്ങള്‍, അയ്യപ്പഭക്ത സംഘടനകള്‍, ഹൈന്ദവ സംഘടനകള്‍ തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെ, ഏകപക്ഷീയമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ശബരിമലയുടെ താല്പര്യങ്ങള്ക്ക് ഗുണകരമല്ല.
- പോലീസിന്റെയും വനംവകുപ്പിന്റെയും കണ്ണ് വെട്ടിച്ച് രണ്ടു പേര് ശബരിമല നടപ്പന്തല്‍ വരെ നിഷ്പ്രയാസം എത്തിയത് ഭക്തജനങ്ങളില്‍ വളരെയേറെ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ട്. തീവ്രവാദ ഭീഷണികള്‍ നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ശബരിമലയുടെ സുരക്ഷിതത്വത്തിന് ശക്തമായ സംവിധാനം ഉടനടി ഏര്‍പ്പെടുത്തണം.
- കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്ന ആരോഗ്യ-സുരക്ഷാപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം കണക്കിലെടുക്കുമ്പോള്‍ ഈ വിഭാഗത്തിലുള്ള എത്രപേരെ ശബരിമലയിലേക്ക് നിയോഗിക്കാന്‍ സാധിക്കുമെന്നതും ചിന്തിക്കേണ്ടതാണ്. ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുമ്പോള്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താറുമാറാകും. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരിച്ചതും, പരിഗണിക്കപ്പെടേണ്ടതുണ്ട്.
- ലോകപ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് എത്താറുള്ള തീര്‍ത്ഥാടന പ്രവാഹം കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ നടപടികളും എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഉണ്ടാകുന്ന ഏതൊരു വീഴ്ച്ചയും ശബരിമല ക്ഷേത്രത്തിലെ പൂജാദികര്മ്മങ്ങളെ വരെ ബാധിക്കാന്‍ സാധ്യതയുണ്ട്.
- ആള്‍ക്കൂട്ടം ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ അയ്യപ്പന്മാര് എത്തുന്നത് നിരുത്സാഹപ്പെടുത്തണം. ആയിരക്കണക്കിന് അയ്യപ്പന്മാരെ ഈ ഘട്ടത്തില്‍ പ്രവേശിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തിന്റെ പൂര്‍ണ്ണഉത്തരവാദിത്തം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാത്രമായിരിക്കും. തീര്‍ത്ഥാടന കാലത്ത് ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തിലും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെയും അനുബന്ധ ക്ഷേത്രങ്ങളുടെയും പൂജാദികര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും, തിരുവാഭരണ ഘോഷയാത്ര, പേട്ടതുള്ളല്‍ തുടങ്ങിയ ചടങ്ങുകള്‍ പാരമ്പര്യ സമ്പ്രദായങ്ങള്‍ക്ക് ഭംഗം കൂടാതെ, എന്നാല്‍ കോവിഡ്മാനദണ്ഡങ്ങള് പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നിറവേറ്റുന്നതിനുള്ള നടപടികള്‍ കൂടി ദേവസ്വംബോര്‍ഡ് സ്വീകരിക്കണം. വ്യത്യസ്തമായ ഒരു അഭിപ്രായമാണ് ദേവസ്വം ബോര്ഡിനോസര്ക്കാരിനോ ഈ വിഷയത്തില്‍ ഉള്ളത് എങ്കില്‍ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട മേല്‍ പറഞ്ഞ എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: