കോഴിക്കോട്: കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍വേ സില്‍വര്‍ ലൈന്‍ – കെ – റെയില്‍ പദ്ധതി ലാവ്ലിന് മോഡല്‍ തട്ടിപ്പെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന്. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തേണ്ട പാരിസ്ഥിതിക ആഘാതപഠനമോ സാമൂഹിക ആഘാതപഠനമോ ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ദേശീയപാത, റെയില്‍വേ ലൈന്‍, തീരദേശപാത ഇവയ്ക്ക് ഇടയിലൂടെയാണ് അതിവേഗപാത പലയിടങ്ങളിലും കടന്നുപോകുന്നത്. നിലവില്‍ പല പദ്ധതികള്‍ക്കായി സ്ഥലം വിട്ടുനല്‍കിയവരുടെ സ്ഥലങ്ങള്‍ തന്നെയാണ് വീണ്ടും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നത്.
നൂറു കണക്കിന് ആരാധനാലയങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, തണ്ണീര്‍തടങ്ങള്‍, കാവുകള്‍ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ‘ഭാഗമായി നശിപ്പിക്കപ്പെടും. ഒരു ലക്ഷത്തോളം ആളുകളാണ് പദ്ധതി കാരണം കുടിയിറക്കപ്പെടുന്നത്. പ്രളയബാധിത പ്രദേശങ്ങള്‍ ഏറെയുളള ഇത്തരം സ്ഥലങ്ങളില്‍ 20 അടി ഉയരത്തില്‍ മതില് ഉയരുന്നതോടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പോലും ദുഷ്ക്കരമാകുന്ന സാഹചര്യമുണ്ടാകും.
റെയില്‍വേയുടെ പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഗതാഗതം സാധ്യമാണ്. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പത്ത് ശതമാനത്തോളം തുക വേണ്ടി വരുന്ന ഈ പദ്ധതി ലാവ്ലിന് മോഡല്‍ അഴിമതി നടത്താനാണ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ ഭാര്യയെത്തന്നെ പദ്ധതിയുടെ പ്രധാനചുമതലയില്‍ നിയമിച്ചിരിക്കുകയാണ് ഇപ്പോള്‍.
പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി ആരെന്നതടക്കമുള്ള വിവരങ്ങള്‍ വിവരാവകാശ പ്രകാരം തേടിയിട്ടും മറുപടി നല്‍കിയിട്ടില്ല. യാതൊരുവിധ സുതാര്യതയുമില്ലാത്ത കെ റെയില്‍ പദ്ധതി പുനഃപരിശോധിക്കണം. പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ശക്തമായ പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്ത് ഇറങ്ങുമെന്നും സി.ആര്. പ്രഫുല്‍കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, ജില്ല പ്രസിഡന്റ് ടി. റെനീഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: