എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യാന്‍ പാടില്ലാത്തത്, എന്താണ് ശരി, എന്താണ് തെറ്റ്, എന്താണ് ഒരുവന്റെ നന്മയെ വര്‍ദ്ധിപ്പിക്കുന്നത്, എന്താണ് ഒരുവനെ നാശത്തിലേക്കു നയിക്കുന്നത്, ഈ രീതിയിലുള്ള വിവേചനാശക്തി എല്ലാ ധന്യമനസ്ക്കരിലുമുണ്ട്. പക്ഷേ ഇതിലും സൂക്ഷ്മസ്വഭാവമാര്ന്നതാണ് ധര്‍മതത്വം. ധര്‍മത്തിന്റെ ജ്ഞാനം ഈശ്വരനില്മാത്രമാണുള്ളത്. ധര്മത്തില് സുസ്ഥിരത കൈവരിക്കാന്‍ നിങ്ങളെ സഹായിക്കുന്നത് ഈശ്വരപ്രേരണയാണ്-ദിവ്യമായ അന്തഃപ്രചോദനമാണ്.
അതുകൊണ്ട് ധര്മനിഷ്ഠന് എപ്പോഴും ഈശ്വരാര്പ്പിതമനസ്ക്കനായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈശ്വരനില്‍നിന്നു ഭിന്നമായി മറ്റൊരു നിയമമില്ല. മറ്റൊരു പ്രകാശമില്ല, മറ്റൊരു ശക്തിയില്ല. മറ്റൊരു മാര്ഗ്ഗദീപമില്ല. മറ്റൊരവലംബമില്ല. ഈശ്വരനാണ് അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശി. വിഷമഘട്ടങ്ങളിലും ധര്മസങ്കടങ്ങളിലും അദ്ദേഹത്തിന്റെ രക്ഷകനാണ് ഈശ്വരന്.
ചിത്തത്തില്‍ വാസനാസഞ്ചയം ഉള്ളിടത്തോളംകാലം പാപചിന്തകള്‍ ഉയര്‍ന്നു വരാം. എന്നാല്‍ നിങ്ങള്‍ ഈശ്വരകൃപക്കു പാത്രമായാല്‍ ഒരിക്കലും ധര്‍മഭ്രംശം സംഭവിക്കുകയില്ല. ആ പാപചിന്തക്കു പിറകില്‍ വിവേകം ഉദിച്ച് പാപചിന്ത പ്രത്യുന്മുഖമാകാതെ തടയപ്പെടും. ഈശ്വരകൃപ സംരക്ഷണശക്തിയാണ്. ഈശ്വരകൃപയുടെ അവലംബം ഇല്ലാതെ വരുമ്പോള്‍ പ്രലോഭനങ്ങളുടെയും പരീക്ഷണഘട്ടങ്ങളുടെയും മുഹൂര്‍ത്തത്തില്‍ വിവേകശക്തി ഉദിക്കുകയില്ല. ഈശ്വരകൃപയെ സമാശ്രയിക്കുക.
സമ്പാ: കെ.എന്‍.കെ. നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: