അടുത്തത് ബീഹാര്‍. അവിടെ ഈ മാസം 28 മുതല്‍ നവംബര്‍ മൂന്ന് വരെ മൂന്ന് ഘട്ടമായിട്ടാവും നിയമസഭാ തിരഞ്ഞെടുപ്പ്. ഇതുപോലുള്ള ഒരു ഹിന്ദി സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് തീര്‍ച്ചയായും വലിയ രാഷ്ട്രീയ പ്രധാന്യമുണ്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി-ജെഡിയു സഖ്യം വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വീണ്ടുമെത്തുമെന്നതില്‍ സാധാരണ നിലക്ക് സംശയമുണ്ടാവേണ്ടതില്ല. അതാണ് കണക്കുകള്‍, സാഹചര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.
എന്നാല്‍ അപ്പുറത്ത് എന്തിനും തയ്യാറായി ഒരു കൂട്ടരുണ്ട്; കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കൈകോര്‍ത്ത് നീങ്ങുന്നതും നാം അവിടെ കാണുന്നു. മറ്റൊരു കൂട്ടുകെട്ട് കൂടി രൂപപ്പെട്ടത് ശ്രദ്ധിക്കാതെ പോയിക്കൂടാ; ഒവൈസി, മായാവതി എന്നിവരെല്ലാം കൈകോര്‍ക്കുന്നത്. എല്‍ജെപി, കേന്ദ്രത്തില്‍ ബിജെപിക്കൊപ്പമെങ്കിലും ഇവിടെ വേറിട്ട് മത്സരിക്കുന്നു. ഇതിനകം പുറത്തുവന്നത് ഒരു പ്രീ -പോള്‍ സര്‍വേയാണ്; അത് സൂചിപ്പിക്കുന്നത് എന്‍ഡിഎക്ക് 141 മുതല്‍ 161 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ്.
ശരിയാണ്, ഏതാണ്ട് രണ്ടു ദശാബ്ദമായി നിതീഷ് കുമാര്‍ ബീഹാറിന്റെ ഭരണത്തിന്റെ തലപ്പത്തുണ്ട്. അതുകൊണ്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍, ഭരണ വിരുദ്ധ ചിന്ത ഒക്കെ അദ്ദേഹത്തെയും എന്‍ഡിഎ-യെയും കുറച്ചൊക്കെ ബാധിക്കുമെന്ന് കരുതുന്നവരുണ്ട്. പക്ഷെ, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ നാല്പ്പതില് 39 സീറ്റുകളും ഈ സഖ്യമാണ് നേടിയത്. ആ സമയത്തു ലഭിച്ച വോട്ടില്‍ നിന്ന് പത്ത് ശതമാനം വരെ കൈവിട്ടുപോയാലും ബിജെപി സഖ്യത്തിന് നല്ലനിലക്ക് അധികാരത്തിലേറാന്‍ കഴിയും. മറുപക്ഷത്ത് വിശ്വാസ്യതയുള്ള ഒരു നേതാവോ മുന്നണിയോ ഇല്ല എന്നതും പ്രധാനമാണ്.
കോണ്‍ഗ്രസ്- മാര്‍ക്സിസ്റ്റ് സഖ്യം; എന്നിട്ടും പരുങ്ങലില്‍
കുറെ വര്‍ഷങ്ങളായി, ബീഹാറില്‍ നേരിട്ടുള്ള മത്സരമാണ് നടക്കാറുള്ളത്; ഒരു ഭാഗത്ത് ലാലു പ്രസാദ് യാദവ്, മറുപക്ഷത്ത് അദ്ദേഹത്തിന്റെ പ്രതിയോഗികള്‍. ഇതായിരുന്നു ബീഹാര്‍ രാഷ്ട്രീയം. ഇന്നതൊക്കെ മാറിയിരിക്കുന്നു. ലാലു യാദവ് ജയിലിലാണ്; അദ്ദേഹത്തിന് ഇനി ബീഹാര്‍ രാഷ്ട്രീയം നിയന്ത്രിക്കുക എളുപ്പമല്ല. രണ്ടു മക്കളെയും ഭാര്യയെയും രാഷ്ട്രീയത്തിലിറക്കി. എങ്കിലും അവര്‍ക്ക്ഇനിയും പാര്‍ട്ടിക്ക് ഉള്ളില്‍ പോലും സ്വാധീനമുണ്ടാക്കാനായിട്ടില്ല. ജാര്‍ഖണ്ഡിലെ ജയിലില്‍ കഴിയുന്ന ലാലുവാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയം പോലും നടത്തിയത്. സ്ഥാനാര്‍ഥി മോഹികള്‍ താല്‍ക്കാലിക ജയിലിന് പുറത്ത് രാത്രിയുടെ മറവില്‍ തമ്പടിച്ചതും മറ്റുമോര്‍ക്കുക. ഈ രണ്ടു മക്കള്‍ക്കിടയില്‍ ഒരു യോജിപ്പുമില്ല.അതിനുപുറമെയാണ് ഇപ്പോഴുണ്ടായിട്ടുള്ള കൊലക്കേസ്. ഒരു ആര്‍ജെഡി നേതാവ്, പട്ടികജാതിക്കാരനായ ശക്തി മാലിക്, സീറ്റിനായി തേജസ്വി യാദവിനെ സമീപിച്ചു. 50 ലക്ഷം രൂപയാണ് ലാലു
പുത്രന് ആവശ്യപ്പെട്ടത്. അത് അയാള്‍ പുറത്തുപറഞ്ഞു; അതിനുപിന്നാലെ ശക്തി മാലിക്കിനെ വെടിവെച്ചു കൊന്നു. മരണമടഞ്ഞ നേതാവിന്റെ ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്; തേജസ്വിയും സഹോദരന് തേജ് പ്രതാപും പ്രതികളാണ്. ഇത് ബീഹാര്‍ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ് എന്നൊക്കെ പറയുന്നവരുണ്ടെങ്കിലും നിസാരമാവില്ല. ഇത്തരമൊരാളെ, തേജസ്വിയെ, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് മുന്നണി മത്സരിക്കുന്നത്. 2010-ലും 2015-ലും ആര്‍ജെഡിക്ക് കിട്ടിയത് 18 ശതമാനത്തിനടുത്തുള്ള വോട്ടാണ്. 2015 ലേത് കോണ്‍ഗ്രസ്, ജെഡിയു ഒക്കെയുള്ള കൂട്ടുകെട്ടായിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും പരാജയപ്പെട്ട അവരുടെ വോട്ട് വിഹിതം 15.36 ശതമാനമായി കുറയുകയും ചെയ്തു. അതായത് അവരുടെ ബലം എന്നത് ഈ 15-18 ശതമാനമാണ്. അതില്‍നിന്ന് ഒരു വലിയ കുതിച്ചുചാട്ടത്തിന് ഒരു സാധ്യതയും കാണുന്നില്ലതാനും.
ലാലു യാദവ് ജയിലിലാണ്; അദ്ദേഹത്തിന് ഇനി ബീഹാര്‍ രാഷ്ട്രീയം നിയന്ത്രിക്കുക എളുപ്പമല്ല. രണ്ടു മക്കളെയും ഭാര്യയെയും രാഷ്ട്രീയത്തിലിറക്കി. എങ്കിലും അവര്‍ക്ക് ഇനിയും പാര്‍ട്ടിക്ക് ഉള്ളില്‍ പോലും സ്വാധീനമുണ്ടാക്കാനായിട്ടില്ല.
2019-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയത് ഒരു സീറ്റാണ്, 7. 70 ശതമാനം വോട്ടും. 2010 ലെ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും തനിച്ചു മത്സരിച്ച കോണ്‍ഗ്രസ് അവരുടെ ശക്തി തെളിയിച്ചിരുന്നു; ജയിച്ചത് നാലു സീറ്റില്‍; വോട്ട് 8. 37 ശതമാനം. 2015 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യമായിരുന്നല്ലോ; കോണ്‍ഗ്രസ്, ജെഡിയു, ആര്‍ജെഡി ഒക്കെ ഒന്നിച്ച്. അന്നും 41 സീറ്റില്‍ മത്സരിച്ച അവര്‍ക്ക് ജയിക്കാനായത് 27 ഇടത്താണ്; അന്നുകിട്ടിയതും 6. 66 ശതമാനം വോട്ട്. ഇത് എന്താണ് കാണിക്കുന്നത്? 6- 7 ശതമാനത്തിനപ്പുറം വോട്ട് ഇപ്പോഴും കോണ്‍ഗ്രസിന് ബീഹാറിലില്ല.
ഇനി ഈ മുന്നണിയിലുള്ളത് സിപിഐ, സിപിഎം, സിപിഐ- എംഎല് എന്നിവരാണ്. മാവോയിസ്റ്റുകളെക്കൂടി കൂടെനിര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
ഇവരില്‍ മാവോയിസ്റ്റുകള്‍ക്ക് ചില പോക്കറ്റുകളില്‍ കുറച്ചു സ്വാധീനമുണ്ട്. കഷ്ടിച്ച് മൂന്ന് ശതമാനം വരെ വോട്ട് ചിലയിടങ്ങളില്‍. എന്നാല്‍ ഒരു കാലത്ത് കമ്മ്യുണിസ്റ്റ് ശക്തി കേന്ദ്രമായിരുന്ന അവിടെ സിപിഐക്കും സിപിഎമ്മിനുമുള്ളത് ഒരു ശതമാനത്തില്‍ കുറഞ്ഞ വോട്ടാണ്. 2019-ല്‍ സിപിഐ നേടിയത് വെറും 0. 69 ശതമാനം വോട്ട്; സിപിഎമ്മിന്റെ അവസ്ഥ അതിലേറെ ദയനീയം, വെറും 0. 07 ശതമാനം. ഇവരെ കൂടെനിര്‍ത്തിയതുകൊണ്ട് ആര്ജെഡിക്കോ കോണ്‍ഗ്രസിനോ ഒരു നേട്ടവുമുണ്ടാവാന്‍ പോകുന്നില്ല. സിപിഐ ആറും സിപിഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്. ഈ നക്കാപ്പിച്ച സീറ്റുകള്‍ക്കായി നമ്മുടെ സഖാക്കള്‍ കോണ്‍ഗ്രസിന്റെ കാല്ക്കല് കമിഴ്ന്നു വീണു എന്നതാണ് രാഷ്ട്രീയമായി കാണേണ്ടത്.
മൂന്നാം മുന്നണിയും എല്‍ജെപിയും
അസാസുദ്ദിന്‍ ഒവൈസിയുടെ പാര്‍ട്ടിയും ബിഎസ്പിയും ചില പ്രാദേശിക കക്ഷികളും ചേര്‍ന്നുണ്ടാക്കിയ സഖ്യമാണ് മറ്റൊന്ന്.ബീഹാറിലെ മുസ്ലിം സ്വാധീനമുള്ള അതിര്‍ത്തി ജില്ലകളില്‍ ഒവൈസി മുന്‍പേ ഭാഗ്യം പരീക്ഷിച്ചതാണ്. ഒരു എംഎല്‍എ അവര്‍ക്കുണ്ട്. മായാവതി കൂടി ചേരുന്നതോടെ അതൊരു ശക്തിയായി മാറുമെന്നാണ് വിലയിരുത്തല്‍. ഈ കൂട്ടുകെട്ട് യഥാര്‍ഥത്തില്‍ വലിയ ദോഷമുണ്ടാക്കുക ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തിനാണ്; അവരുടെ മുസ്ലിം വോട്ട്ബാങ്കിലാണ് ഇക്കൂട്ടര്‍ കൈവെക്കുക. മായാവതി കൂടി വരുന്നതോടെ കാര്യങ്ങള്‍ യുപിഎക്ക് വിഷമകരമാകുമെന്ന് തീര്‍ച്ച. അന്‍പത് സീറ്റുകളിലെങ്കിലും അയ്യായിരത്തിലേറെ വോട്ട് പിടിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ഒവൈസി- മായാവതി സഖ്യത്തിനുള്ളത്. അത് എന്തായാലും ബിജെപി സഖ്യത്തിന് സഹായം ചെയ്യും.
മറ്റൊന്ന് എല്‍ജെപി എടുത്ത നിലപാടാണ്. കേന്ദ്രത്തില്‍ എന്‍ഡിഎ -യില്‍ തുടരുമ്പോള്‍ തന്നെ ബീഹാറില്‍ തനിച്ചു മത്സരിക്കുക എന്നതാണ് അവരുടെ നയം. അതില്‍ സംശയങ്ങള്‍ പലതും തോന്നുന്നുണ്ട്. തേജസ്വി യാദവിനെ പ്രകീര്‍ത്തിക്കാന്‍ എല്‍ജെപി നേതാക്കള്‍ തയ്യാറായതും മറ്റും ചര്‍ച്ചചെയ്യപ്പെടുന്നു. അടുത്തദിവസം ബിജെപി ജനറല്‍ സെക്രട്ടറി ഭുപേന്ദ്രയാദവ് പാസ്വാന്റെ പാര്‍ട്ടിയെക്കുറിച്ചു പറഞ്ഞതും സംശയത്തോടെയാണ്. രാംവിലാസ് പാസ്വാന്റെ മരണത്തോടെ ആ പാര്‍ട്ടിയുടെ ഭാവി എന്താവും എന്നത് തെളിയുമെന്നതാവും ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു ഫലം.
എന്‍ഡിഎ പ്രതീക്ഷകള്‍ക്ക് ശക്തി കൂടുന്നു
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ തന്നെയാണ് എന്‍ഡിഎ -യുടെ കരുത്ത്. അതായത് എതിരാളികളുടെ ദൗര്‍ബല്യം. മുഖ്യമന്ത്രിക്കെതിരെ കുറച്ചൊക്കെ ഭരണവിരുദ്ധ വികാരമുണ്ട് എന്നത് പലരും പറയുമ്പോഴും നരേന്ദ്ര മോദിക്കും ബിജെപിക്കുമുള്ള അംഗീകാരം പ്രധാനമാണ്. വേറൊന്ന്, ജെഡിയുവിന്റെ, നിതീഷിന്റെ, കഴിഞ്ഞ 15 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം വിലയിരുത്തുമ്പോള്‍ ഒന്ന് കാണാതെ പോയിക്കൂടാ. 65 മുതല്‍ 80 വരെ ശതമാനം സീറ്റുകളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി എന്നും വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ 122 സീറ്റിലാണ് ജെഡിയുവും സഖ്യകക്ഷിയും മത്സരിക്കുന്നത്. അതില്‍ ഏറ്റവും ചുരുങ്ങിയത് 70 ശതമാനം ജയിച്ചാല്‍ തന്നെ 85 സീറ്റ് ഉറപ്പാണ്.
ബിജെപിക്കും അതുപോലെ വിജയിക്കാനായാല്‍ ചുരുങ്ങിയത് 85- 90 സീറ്റ് തീര്‍ച്ച. ഇത് ഏറ്റവും ചുരുങ്ങിയ വിജയപ്രതീക്ഷയാണ്. സി വോട്ടര്‍ നടത്തിയ സര്‍വേയില്‍ കണ്ടത് എന്‍ഡിഎ -ക്ക് 141 മുതല്‍ 161 വരെ സീറ്റുകള്‍ കിട്ടുമെന്നാണ്. 44. 8 ശതമാനം വോട്ടും. അപ്പോള്‍ യുപിഎയുടേത് 33. 4 ശതമാനം വോട്ടാണ്. ഈ സര്‍വേ നടന്നത് ഏതാനും
ആഴ്ചമുന്‍പാണ്. അതിനുശേഷമാണ് പാസ്വാന്റെ മരണവും അവര്‍ തനിച്ചു നില്ക്കാന് തീരുമാനിക്കുന്നതും ഒവൈസി- മായാവതി സഖ്യം രൂപപ്പെടുന്നതും. അത് കോണ്‍ഗ്രസ് മുന്നണിയെ കൂടുതല്‍ ദുര്‍ബ്ബലമാക്കുകയേയുള്ളു. ചുരുക്കത്തില്‍ ബിജെപി സഖ്യം 175- 180 സീറ്റ് നേടിയാല്‍ അതിശയിക്കാനില്ല; അതില്‍ ബിജെപിയുടെ എംഎല്‍എമാര്‍ നൂറിനപ്പുറവും ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: