ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഗുരുദേവ ദര്‍ശനവുമായി യാതൊരു ബന്ധവുമില്ലാത്ത അന്യമതസ്ഥനെ നിയമിക്കുകയും, ഉദ്ഘാടന ചടങ്ങില്‍നിന്ന് എസ്എന്‍ഡിപി യോഗത്തെ അകറ്റി നിര്‍ത്തുകയും ചെയ്യുക വഴി ഇടതുമുന്നണി സര്‍ക്കാര്‍ ഈഴവ സമുദായത്തിന്റെ കണ്ണില്‍ കുത്തിയിരിക്കുകയാണെന്ന വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം ഹിന്ദു സമൂഹത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. വൈസ് ചാന്‍സലറാവാനുള്ള അക്കാദമിക് യോഗ്യതയോ അനുഭവസമ്പത്തോ ഇല്ലാത്ത, ഒമാനിലെ ഒരു സര്‍വകലാശാലയില്‍ കുറഞ്ഞകാലത്തെ പ്രവൃത്തി പരിചയമുള്ള ഡോ. മുബാറക് പാഷയെ പുതുതായി ആരംഭിച്ച സര്‍വകലാശാലയുടെ വിസിയാക്കിയത് ഈ സര്‍ക്കാര്‍ തുടര്‍ക്കഥയാക്കി മാറ്റിയിരിക്കുന്ന ഗുരുദേവ നിന്ദകളില്‍ ഒന്നുമാത്രമാണ്. ശിവഗിരി തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ഒരിക്കല്‍ വനിതാ മതില് സംഘടിപ്പിച്ചതും, മറ്റൊരിക്കല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാതിരുന്നതും, തിരുവനന്തപുരത്ത് ഗുരുദേവ പ്രതിമ സ്ഥാപിക്കുന്നത് അതിന്റെ പവിത്രത കണക്കിലെടുത്ത് പീഠത്തിലായിരിക്കണമെന്ന ഗുരുദേവ ഭക്തരുടെ ആവശ്യം നിരാകരിച്ചതുമൊക്കെ പിണറായി വിജയന്റെ സര്‍ക്കാര്‍ ചെയ്തുകൂട്ടിയ ഗുരുനിന്ദകളില്പ്പെടുന്നു.
സിപിഎം നേതൃത്വം നല്കുന്ന ഒരു സര്‍ക്കാരില്‍നിന്ന് ഗുരുദേവന് ആദരവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതുതന്നെ തെറ്റായിരിക്കും. ഇതിനുള്ള സാധ്യത പാര്‍ട്ടി ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടു തന്നെ ഇല്ലാതാക്കിയതാണ്. ഗുരുദേവനെ വെറും ബൂര്‍ഷ്വാ പരിഷ്കര്‍ത്താവായി ചിത്രീകരിച്ചിട്ടുള്ള ഇഎംഎസ്, ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യുന്നതിനുള്ള ക്ഷണം നിരസിക്കുക മാത്രമല്ല, അതിന് സമ്മതിക്കുന്നത് തന്റെ പദവിക്ക് നിരക്കുന്നതല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയും നിര്‍ത്താതെ സവര്‍ണ-അവര്‍ണ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചയാളാണ് ഗുരുദേവന് എന്നുവരെ പറയാന്‍ മടിക്കാത്ത അപരാധവും ഇഎംഎസില്‍ നിന്നുണ്ടായി. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കണ്ണീരും ചോരയും നല്കി കാവലാളായി നിന്ന ഒരു സമുദായത്തെ പിടിച്ചടക്കാനും അടിച്ചമര്‍ത്താനുമാണ് ഇഎംഎസിനെപ്പോലുള്ളവരുടെ നേതൃത്വം ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ ചുവടുപിടിച്ചാണ് അണികള്‍ ഗുരുദേവനെ കുരിശിലേറ്റി ആനന്ദിച്ചതും, ഗുരുദേവ ജയന്തിയായ ചതയദിനം കരിദിനമായി ആചരിച്ചതും. നസ്രേത്തില്‍നിന്ന് നന്മ പ്രതീക്ഷിക്കുന്നതുപോലെയാണ് സിപിഎമ്മില്‍നിന്ന് ഈഴവ സമുദായം നന്ദി പ്രതീക്ഷിക്കുന്നത്.
രാജ്യദ്രോഹത്തോളം നീണ്ടുചെല്ലുന്ന അഴിമതികളില്‍ മുങ്ങി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ഖുറാനും സക്കാത്തുമൊക്കെ പൊക്കിപ്പിടിച്ച് കടുത്ത മുസ്ലീം വര്‍ഗീയത പ്രചരിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. മന്ത്രി കെ.ടി. ജലീലിനെപ്പോലുള്ള അപകടകാരികളായ ഇസ്ലാമിക മതമൗലികവാദികള്‍ തെളിക്കുന്ന വഴിയിലൂടെയാണ് സര്‍ക്കാര്‍ സഞ്ചരിക്കുന്നത്. ഇതിന്റെ ഭാഗമാണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഇക്കൂട്ടര്‍ക്ക് വേണ്ടപ്പെട്ടവനായ ഒരു പ്രവാസിയെ നിയമിച്ചിരിക്കുന്നത്. ഗുരുദേവന് പ്രിയപ്പെട്ട സംസ്കൃത ഭാഷയെ ഒഴിവാക്കി അറബി ഉള്‍പ്പെടുത്തിയത് ഇസ്ലാമികവല്‍ക്കരണത്തിന് തെളിവാണ്. ഇ.കെ. നായനാരുടെ ഭരണകാലത്ത് ശിവഗിരി കടന്നാക്രമിക്കാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് അവസരമൊരുക്കിയതുപോലെയാണ് ഈ നടപടികള്‍. ഈഴവ സമുദായത്തെ കബളിപ്പിക്കാന്‍ ഗുരുദേവന്റെ പേരുപയോഗിക്കുക. അധികാരവും സ്ഥാനമാനങ്ങളും ഇസ്ലാമിക ശക്തികള്‍ക്ക് തീറെഴുതി കൊടുക്കുക. ഈ അടവുനയമാണ് പിണറായി സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഇത് ഒരേസമയം മതപരവും രാഷ്ട്രീയവുമായ കടന്നാക്രമണമാണ്. ഈഴവ സമുദായത്തിന്റെ മാത്രം പ്രശ്നമല്ല ഇത്. ഈ വഞ്ചനയെ തുറന്ന വെല്ലുവിളിയായി കണ്ട് ഹിന്ദുസമൂഹം മറുപടി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: