ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപനത്തിന് വ്യാവസായിക മേഖലയില്‍ തിരിച്ചടി നല്കാന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസുരക്ഷ മുന്‍നിര്‍ത്തി വ്യവസായ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സുരക്ഷാ മാര്‍ഗരേഖ കൊണ്ടുവരും. ഊര്‍ജം, സാങ്കേതികവിദ്യ, റോഡ് നിര്‍മാണം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന്റെ ശത്രു രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികളെ പൂര്‍ണമായി ഒഴിവാക്കുന്നതിനാണ് പുതിയ മാര്‍ഗരേഖ.
ചൈനീസ് കമ്പനികള്‍ക്ക് പകരം വയ്ക്കാന്‍ കഴിയുന്ന ജപ്പാന് കമ്പനികളെ ഉള്‍പ്പെടെ പരിഗണിക്കാനാണ് നീക്കം. ചെലവ് കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പകരം ഗുണനിലവാരമുള്ള മറ്റ് രാജ്യങ്ങളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കും. ഇതോടെ ചൈനീസ് കമ്പനികളുമായുള്ള പല വലിയ കരാറുകളും ഇന്ത്യ റദ്ദാക്കി. 5ജി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്കാന് ചൈനീസ് കമ്പനിക്ക് നല്കിയ കരാറും റദ്ദാക്കിയവയിലുണ്ടായിരുന്നു.
ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന കമ്പനികള്‍ സ്വന്തം രാജ്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ചട്ടമാണ് ആദ്യം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ഒരു കമ്പനിക്ക് മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ് വിലാസം ഉപയോഗിച്ച് ഇന്ത്യയില്‍ നിക്ഷേപം നടത്താം. പുതിയ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ പണം നിക്ഷേപിക്കുന്ന കമ്പനി സ്വന്തം മാതൃരാജ്യവും ആസ്ഥാന ഓഫീസ് മേല്‍വിലാസവും വെളിപ്പെടുത്തണം.
ചൈനയ്ക്കെതിരായ നിലപാടുകള്‍ ശക്തമായതോടെയാണ് വിദേശരാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിയന്ത്രണം വേണമെന്ന ആവശ്യമുയര്‍ന്നത്. തന്ത്ര പ്രധാന മേഖലകളില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്കുന്ന സേവനങ്ങളില്‍ ട്രോജന്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച് രാജ്യ സുരക്ഷ അപകടപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നിക്ഷേപ നയത്തില്‍ മാറ്റത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: