പത്തനംതിട്ട : തുലാമാസ പൂജയ്ക്ക് ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർ പമ്പയിൽ ഷവറിന് കീഴിൽ കുളിക്കണം. കോവിഡിന്റെ മറവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് പമ്പാ നദിയിലെ സ്നാനം വിലക്കി.പമ്പാ നദിയിൽ കുളിച്ച് ദേഹശുദ്ധി വരുത്തിയ ശേഷമാണ് അയ്യപ്പഭക്തർ സാധാരണ മലകയറുന്നത്. ഇത്തവണ സ്നാനത്തിനായി 20 ഷവർ സംവിധാനം പമ്പ ത്രിവേണിയിൽ ഒരുക്കും. തീർഥാടകർക്ക് ഷവറും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന പമ്പയിലെ സ്ഥലം തിരുവല്ല സബ് കളക്ടർ ചേതൻകുമാർ മീണയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ച് ക്രമീകരണങ്ങൾ നിശ്ചയിച്ചു.
തുലാമാസ പൂജയ്ക്ക് ഒരു ദിവസം 250 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ തീർഥാടകരെ പമ്പാ നദിയിൽ സ്നാനം ചെയ്യാൻ അനുവദിക്കുകയില്ല. തീർഥാടകർക്ക് കുളിക്കാനായി 20 ഷവറും അകലം പാലിച്ചുള്ള മറയും സജ്ജമാക്കും. കുളിക്കുന്ന ജലം പമ്പാനദിയിലോ ജല സ്രോതസുകളിലോ പോകാതെയുള്ള ക്രമീകരണം ചെയ്യും. കുളിക്കുന്ന വെളളം ടാങ്കിൽ സംഭരിച്ച് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പമ്പ് ചെയ്ത് മാറ്റും. ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും.
ഷവർ സംവിധാനം, മറ, പ്ലംബിംഗ് ജോലികൾ എന്നിവ ഇറിഗേഷൻ വകുപ്പ് പൂർത്തിയാക്കും. സ്നാനം കഴിഞ്ഞുള്ള മലിനജലം ടാങ്കിൽ നിന്ന് നീക്കം ചെയ്യാനുള്ള ചുമതല ദേവസ്വം ബോർഡിനാണ്. പൈപ്പ് കണക്ഷൻ വാട്ടർ അതോറിറ്റി നൽകും. സാനിറ്റെസേഷൻ സൗകര്യം ആരോഗ്യ വകുപ്പും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കും. പ്രവർത്തനങ്ങളുടെ മേൽനോട്ടം റവന്യു വകുപ്പ് നിർവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: